ഭക്ഷണമെത്തിക്കാന്‍ റോബോട്ട് നിര്‍മിച്ച് മലപ്പുറത്തെ 13കാരന്‍

Keralam News

അടുക്കളയില്‍ നിന്ന് ഡൈനിംഗ് ഹാളിലേക്ക് ഭക്ഷണമെത്തിക്കുന്ന റോബോട്ട് നിര്‍മിച്ച് ശ്രദ്ധേയനാവുകയാണ് ഐഡിയല്‍ വിദ്യാര്‍ത്ഥിയായ പതിമൂന്നുകാരന്‍ മുഹമ്മദ് ഫാദില്‍
വെളിയങ്കോട് പഴഞ്ഞി വട്ടപ്പറമ്പില്‍ അബ്ദുല്‍ ബഷീറിന്റെയും റുക്‌സാനയുടെയും മകന്‍ മുഹമ്മദ് ഫാദില്‍ ബഷീര്‍ പുതിയ കണ്ടുപിടുത്തങ്ങളുടെ തിരക്കിലാണ്.

സൗദിയില്‍ ഇലട്രിക് വ്യാപാരിയായ ഉപ്പ ബഷീറിനൊപ്പം വിദേശത്ത് താമസിച്ച് ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തന്നെ ഫാന്‍ നിര്‍ച്ചാണ് ഈ കുട്ടി ശാസത്രജ്ഞന്റെ തുടക്കം.
കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ എട്ടാം ക്ലാസുകാരനായ ഈ കുട്ടി ഗവേഷകന്‍ ഇതിനോടകം മാഗ്‌നറ്റിക് ലാംമ്പ്, ഇന്‍ക്യുബേറ്റര്‍, ഒപ്റ്റിക്കല്‍ അവോയ്ഡ് റോബോട്ട്, തുടങ്ങി അമ്പരപ്പിക്കുന്ന ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്.

വിദ്യാര്‍ഥിയുടെ കഴിവ് തിരിച്ചറിഞ്ഞ രക്ഷിതാക്കളും അദ്ധ്യാപകരും മുഹമ്മദ് ഫാദിലിനെ കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിന് പ്രോത്സാഹനം നല്‍കി വരുന്നു. അതിനൂതന വൈദ്യുത ഉപകരണങ്ങള്‍ കണ്ട് പിടിക്കാനും നിര്‍മ്മിക്കാനും താല്പര്യമുള്ള മുഹമ്മദ് ഫാസിലിന് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ ഗവേഷകന്‍ ആവണം എന്നാണ് മോഹം.

കോവിഡിന്റെ ഈ പ്രത്യേക സാഹചര്യത്തില്‍ സ്വയംനിയന്ത്രിത അണുനാശിനിയന്ത്രം വികസിപ്പിച്ചെടുത്ത ഫാദില്‍ ചെസ് കളിയില്‍ അതീവതല്‍പരനും കേരളത്തിലെ മികച്ച പത്ത് കൗമാര ചെസ് കളിക്കാരിലൊരാളുമാണ്. ഓണ്‍ലൈന്‍ പഠനമായതോടെ അടുക്കള ജോലികളില്‍ ഉമ്മയെ സഹായിക്കണമെന്ന ചിന്തയിലാണ് ഫുഡ് സെര്‍വ് ചെയ്യുന്ന റോബോട്ട് വികസിപ്പിച്ചെടുക്കുന്നത്.
ചെലവുകുറഞ്ഞ രീതിയില്‍ കീബോര്‍ഡ് പേപ്പറുകള്‍, അര്‍ഡ്വിനൗനോ, ഐ ആര്‍ സെന്‍സര്‍ തുടങ്ങിയവ ഉപയോഗിച്ച് 600 രൂപ ചെലവില്‍ വെറും മൂന്ന് ദിവസം കൊണ്ട് റോബോട്ടിനെ വികസിപ്പിച്ചെടുത്താണ് ഈ കൊച്ചുമിടുക്കന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത് .

അടുക്കളയില്‍ നിന്ന് ഭക്ഷണഹാളിലേക്ക് സെന്‍സര്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന തരത്തിലാണ് റോബോര്‍ട്ടിന്റെ നിര്‍മാണം. റോബോട്ടിന്റെ കയ്യില്‍ നല്‍കുന്ന ഭക്ഷണം ഡൈനിംഗ് ഹാളില്‍ ഇരിക്കുന്നവര്‍ക്കും ഭക്ഷണം കഴിച്ചശേഷം പാത്രങ്ങള്‍ തിരിച്ച് അടുക്കളയിലേക്കും റോബോട്ട് തന്നെ എത്തിക്കും വിധമാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്.

അഞ്ചാം ക്ലാസ് മുതല്‍ഐഡിയല്‍ സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന ഫാദിലിന് കട്ട സപ്പോര്‍ട്ടുമായി സഹോരങ്ങളുമുണ്ട്. ഐഡിയലിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫാസ് ബഷീര്‍, ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഫാത്വിമ സിയ ബഷീര്‍ എന്നിവരാണ് സഹോദരങ്ങള്‍