ഏഴര മണിക്കൂറിനുള്ളിൽ 893 പേർക്ക് വാക്സിൻ: പുഷ്പലതക്ക് ആരോഗ്യ മന്ത്രിയുടെ പൊന്നാട

Keralam News

ഏഴര മണിക്കൂർ ജോലി സമയത്തിനുള്ളിൽ 893 പേർക്ക് വാക്സിൻ നൽകി മാതൃകയായ നഴ്‌സിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നേരിട്ടെത്തി അഭിനന്ദിച്ചു. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സന്ദർശിച്ച മന്ത്രി അവിടെ ജൂനിയർ പബ്ലിക് ഹെൽത് നഴ്‌സായി സേവനം ചെയ്യുന്ന പുഷ്പലതയെ ആണ് പൊന്നാട അണിയിച്ച ആദരിച്ചത്.

തന്റെ ആത്മാർത്ഥമായ സേവനം വഴി കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേർക്ക് വാക്സിൻ നൽകിയ പുഷ്പലതയുടെ വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് എന്നായിരുന്നു പുഷ്പലത ഇതിന് നൽകിയ വിശദീകരണം. ഇതുപോലുള്ള അനേകം നിസ്വാർത്ഥരായ പ്രവർത്തകരാണ് നമ്മുടെ ആരോഗ്യ രംഗത്തെ വിജയകരമായി കൊണ്ട് പോകുന്നത് എന്നും ഇത് എല്ലാവർക്കുമുള്ള ആദരവായി കാണണമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ കൂടെയുള്ള മറ്റു നഴ്സുമാരെയും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.