‘നാഥനില്ലാ കളരി’:വേറിട്ട പ്രതിഷേധവുമായി അധ്യാപകർ

Local News
മലപ്പുറം: ‘നാഥനില്ലാ കളരി’ എന്ന പേരിൽ അധ്യാപകരും പ്രധാനാധ്യാപകരുമില്ലാത്ത സ്കൂളുകളെ പ്രതീകവത്കരിച്ച് മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ അധ്യാപകർ നടത്തിയ സമരപരിപാടി വേറിട്ട അനുഭവമായി. കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് (കെ എസ് ടി എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാറിമാറി വരുന്ന സർക്കാറുകൾ ജില്ലയോട് കാണിക്കുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ സംഘടിപ്പിച്ചതാണ് ഈ പരിപാടി. സംസ്ഥാന പ്രസിഡണ്ട് ബഷീർ വല്ലപ്പുഴ പ്രതീകാത്മക ക്ലാസ് റൂം സമര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകരില്ലാത്ത ഇരുന്നോറോളം സ്കൂളുകളിൽ ഉടൻ നിയമനം നടത്തുക, നിയമന ശിപാർശ ലഭിച്ച മുഴുവൻ അധ്യാപകർക്കും നിയമനം നൽകുക, ആനുപാതിക എണ്ണം ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി എൽ പി എസ് എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, പ്ലസ് വൺ ബാച്ചുകൾ വർദ്ധിപ്പിച്ച് എസ് എസ് എൽ സി പാസാകുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി പഠനം ഉറപ്പുവരുത്തുക, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസ് സൗജന്യമായി നൽകുക, അധ്യാപക നിയമനം ത്വരിതപ്പെടുത്തുക, ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ അധ്യാപകർ ഉന്നയിച്ചു. ജില്ലാ പ്രസിഡണ്ട് പി ഹബീബ് മാലിക് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് വഹീദ ജാസ്മിൻ,അസറ്റ് ജില്ലാ ചെയർമാൻ വി ഷരീഫ്,വെൽഫയർ മണ്ഡലം സെക്രട്ടറി ടി. അഫ്സൽ സംസാരിച്ചു. സബ് ജില്ലാ പ്രസിഡന്റ് ജലീൽ മോങ്ങം സ്വാഗതവും ജില്ലാ ട്രഷറർ കുഞ്ഞവറ നന്ദി അറിയിച്ചു.