സ്വര്‍ണക്കടത്ത് മാഫിയാ പ്രമുഖനെ തേടി പോലീസ്

Breaking Crime News

സ്വര്‍ണക്കടത്ത് മാഫിയാ പ്രമുഖനെ തേടി പോലീസ് അന്വേഷണം ആരംഭിച്ചു. രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകട സ്ഥലത്തുനിന്നും രക്ഷപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ സംഘത്തിലെ പ്രമുഖനായ സൂഫിയാന്‍ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. മലബാറിലെ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് സൂഫിയാന്‍. അപകടം നടന്നതോടെ മറ്റൊന്നും നോക്കാതെ സുഫിയാനും കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിയുംകൂടി രക്ഷപ്പെടുകയായിരുന്നവെന്നാണ് വിവരം. ഇവര്‍ രക്ഷപ്പെട്ട വാഹനം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിച്ചുവരികയാണ്.
2018 ഓഗസ്റ്റില്‍ കൊടുവള്ളി നീലേശ്വരം നൂഞ്ഞിക്കര നസീം, സഹോദരന്‍ തഹീം, എന്നിവരുടെ വീട്ടില്‍ നിന്ന് സ്വര്‍ണം ശുദ്ധീകരിക്കുന്ന അഞ്ച് ഫര്‍ണസും 570 കിലോഗ്രാം സ്വര്‍ണം ശുദ്ധീകരിച്ച് നല്‍കിയതിന്റെ രേഖകളും ഡി.ആര്‍.ഐ പിടിച്ചെടുത്തതോടെയാണ് സ്വര്‍ണക്കടത്തില്‍ സൂഫിയാന്‍ ഉള്‍പ്പെടെയുള്ളവരുടെ കൂടുതല്‍ പങ്ക് പുറത്തുവന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കാരിയര്‍മാരെ തട്ടിക്കൊണ്ടുപോകുന്നത് അടുത്ത കാലത്തായി വ്യാപകമായിരുന്നു. 10ലധികംപേരെയാണു കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയത്.

ഇതിനുപിന്നാലെ കൊലപാതകങ്ങളിലേക്കും സ്വര്‍ണക്കടത്തു സംഘങ്ങള്‍ തിരിയുന്ന കാഴ്ചയാണിപ്പോള്‍.
കഴിഞ്ഞ ദിവസം രാമനാട്ടുകര വഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുണ്ടെന്നു പോലീസ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രൂപങ്ങളിലാക്കി കോടികളുടെ സ്വര്‍ണമാണ് വിമാനത്തവളങ്ങള്‍ വഴി ഒഴുകുന്നത്.

രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ കഴിഞ്ഞ ദിവസം കരിപ്പൂരില്‍ പിടികൂടിയ 1.11 കോടിയുടെ സ്വര്‍ണം കൈപ്പറ്റാന്‍ എത്തിയവാണെന്നാണു പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്കു പിന്നില്‍ കൊടുവള്ളി കേന്ദ്രീകരിച്ച സ്വര്‍ണക്കടത്ത് സംഘമാണെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു. ദുബായില്‍ നിന്നും കരിപ്പൂര്‍ വഴി എത്തിയ മലപ്പുറം മൂര്‍ക്കനാട് സ്വദേശി മേലേതില്‍ മുഹമ്മദ് ഷഫീഖ്(23)എന്ന യാത്രക്കാരനില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ എത്തിയവരാണു അപകടത്തില്‍പ്പെട്ടത്. രണ്ടു ക്വട്ടേഷന്‍ സംഘങ്ങള്‍ ഈ സ്വര്‍ണം വാങ്ങാന്‍ എത്തിയിരുന്നു. ഇവര്‍ തമ്മിലുള്ള മത്സര ഓട്ടവും തര്‍ക്കവുമാണ് രാമനാട്ടുകര അപകടത്തില്‍ കലാശിച്ചത്.

കോഫി മേക്കര്‍ മെഷിനില്‍ ഒളിപ്പിച്ചാണ് ഷഫീഖ് സ്വര്‍ണം കൊണ്ടുവന്നത്.2.33 കിലോ സ്വര്‍ണമാണ് മെഷിനകത്ത് നിന്ന് കണ്ടെത്തിയത്.ഇവക്ക് മാര്‍ക്കറ്റില്‍ 1.11 കോടി വിലലഭിക്കും.
സംഭവത്തെ തുടര്‍ന്ന് മരിച്ചവരുടെ കൂടെ മറ്റു വാഹനങ്ങളിലുണ്ടായിരുന്ന എട്ടു പേരെ കൂടി കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഫറൂഖ് പോലിസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ കരിപ്പൂരിലെത്തിച്ചാണ് കരിപ്പൂര്‍ സി.ഐ: പി.ഷിബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ അപകട സമയത്തു തന്നെ ഒരു വാഹനവുമായി രക്ഷപ്പെട്ടിരുന്നു. ഇവരെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനാപകടം സംബന്ധിച്ച് ഫറോക്ക്് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐപിസി 399 പ്രകാരം കവര്‍ച്ചയ്ക്ക് സന്നാഹമൊരുക്കിയതിനാണ് എട്ടുപേര്‍ക്കെതിരേ കേസെടുത്തത്. കള്ളക്കടത്ത് സ്വര്‍ണത്തിനു സുരക്ഷയൊരുക്കുന്നതിനാണ് ചെര്‍പ്പുളശേരിയിലെ 15 യുവാക്കള്‍ മൂന്നു വാഹനങ്ങളിലായി കരിപ്പൂരിലെത്തിയതെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ദാസ് പറഞ്ഞു.