കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസ്; എസ്എഫ്ഐയിൽ അഭിപ്രായ വ്യത്യാസം

Education News Politics

കണ്ണൂർ സർവകലാശാലയുടെ സിലബസിന്റെ പേരിൽ എസ്എഫ്ഐയിൽ ഭിന്നത. ആർഎസ്എസ് നേതാക്കൾ എഴുതിയ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര സെക്രട്ടേറിയറ്റംഗം ഈ അഭിപ്രായം തള്ളുകയായിരുന്നു.

വിവാദപരമായ സർവകലാശാലയുടെ സിലബസ് പിന്വലിക്കണമെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ സച്ചിൻ ദേവ് ആവശ്യപെട്ടത്. പക്ഷെ ആർഎസ്എസ് നേതാക്കൾ എഴുതിയ പുസ്തകങ്ങളും വിദ്യാർഥികൾ പഠിക്കണമെന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണൻ സച്ചിന്റെ അഭിപ്രായം തള്ളുകയായിരുന്നു. സർവകലാശാല യൂണിയൻ ചെയർമാനായ എം.കെ ഹസ്സന്റെ നിലപാട് ശരിയാണെന്നും നിധീഷ് പറഞ്ഞു. സർവകലാശാലയിൽ താലിബാനിസം കാണിക്കരുതെന്നും നിധീഷ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിശദമാക്കുന്നുണ്ട്.

താൻ അറിയിച്ചതാണ് സംഘടനയുടെ നിലപാടെന്നും വേറെയാരെങ്കിലും പറയുന്നതല്ലെന്നും സച്ചിൻ ദേവ് പ്രതികരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായം അറിയിച്ച സർവകലാശാല യൂണിയൻ ചെയർമാന്റെ പ്രതികരണം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.