ടോക്കിയോ പാരാലിമ്പിക്സ്; ജാവലിൻ ത്രോയിൽ സ്വർണം നേടി ഇന്ത്യൻ താരം സുമിത് ആന്റിൽ

India News Sports

ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടി ഇന്ത്യയുടെ സുമിത് ആന്റിൽ. ജാവലിൻ ത്രോ എഫ് 64 വിഭാഗത്തിൽ 68.55 മീറ്റർ എറിഞ്ഞ് ലോക റെക്കോർഡ് കൂടെ സ്വന്തമാക്കിയാണ് സുമിത് സ്വർണമെഡൽ നേടിയത്. ഇതോടെ രണ്ട് സ്വർണമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്കിയോ പാരാലിമ്പിക്സിൽ നേടിയിരിക്കുന്നത്.

ഹരിയാനയിലെ സോനെപത് സ്വദേശിയായ ഇരുപത്തി മൂന്നുകാരൻ സുമിത്തിന് 2015 ൽ നടന്ന ബൈക്ക് അപകടത്തിൽ ഇടതുകാൽ മുട്ടിനു താഴേക്ക് നഷ്ടപ്പെടുകയായിരുന്നു. മത്സരത്തിൽ തന്റെ അഞ്ചാമത്തെ പരിശ്രമത്തിലാണ് 68.55 മീറ്റർ എറിഞ്ഞ് സുമിത്ത് സ്വർണം കരസ്ഥമാക്കിയത്. ഇതിനു മുന്നേയുള്ള മൂന്നു ശ്രമങ്ങളിലും ലോക റെക്കോർഡ് മറികടക്കുന്ന പ്രകടനമായിരുന്നു സുമിത് കാഴ്ചവെച്ചത്.

ഇതിനു മുൻപ് ഷൂട്ടിങ്ങിൽ ആവണി ലേഖര സ്വർണം നേടിയിരുന്നു. നിലവിൽ രണ്ട് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ടോക്കിയോ പാരാലിമ്പിക്സിൽ ഇതുവരെ നേടിയിട്ടുള്ളത്.