മരണപ്പെട്ടവരുടെ കോവിഡ് പരിശോധന വൈകുന്നു. കാറ്ററിഡ്ജിന് ക്ഷാമം

Keralam News

മരണപ്പെട്ടവരുടെ കോവിഡ് പരിശോധിക്കാനായി ഉപയോഗിക്കുന്ന കാറ്ററിഡ്ജിന് ക്ഷാമം നേരിടുന്നുവെന്ന് അധികൃതർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ടവരുടെ കോവിഡ് പരിശോധന വൈകുന്നുവെന്ന് പരാതി ഉയർന്നതോടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

മരിച്ചവർക്ക് കോവിഡ് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നത് സി ബി നാറ്റ് മിഷീൻ ഉപയോഗിച്ചായിരുന്നു. ഇതിനാവശ്യമായ കാറ്ററിഡ്ജിനാണ് ഇപ്പോൾ ക്ഷാമം നേരിട്ട് കൊണ്ടിരിക്കുന്നത്. കാറ്ററിഡ്ജ് ലഭ്യമല്ലാതെ പരിശോധന മുടങ്ങുന്ന അവസ്ഥയാണ് ഉള്ളതെന്നും ആവശ്യപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ലഭ്യമായില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

സി ബി നാറ്റ് പ്രവർത്തനം നിലച്ചതോടെ ട്രൂ നാറ്റ് പരിശോധനയാണ് നടത്താറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ട്രൂ നാറ്റ് മെഷീനും കേടായതോടെ പരിശോധന നില്ക്കുകയായിരുന്നു. പരിശോധന ഫലം ലഭ്യമായാൽ മാത്രമേ പോസ്റ്റ് മോർട്ടം പോലുള്ള തുടർ നടപടികൾ സാധ്യമാകൂ എന്നതിനാൽ തന്നെ മൃതദേഹത്തിനായി ബന്ധുക്കൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.