ഭരണഘടന കാഴ്ചപ്പാടുകൾ എത്രമാത്രം ഫലവത്തായെന്ന് ഇന്ന് പരിശോധിക്കണം- മുഖ്യമന്തി

Keralam News

സ്വാതന്ത്ര്യ ദിനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി. സ്വാതന്ത്ര്യവും തുല്യതയും ഒരു പൗരന്റെ മൗലികാവകാശമാണെന്നും ഭരണഘടനയിലെ കാഴ്ചപ്പാടുകൾ ഈ ഏഴര പതിറ്റാണ്ടിനിടയിൽ എത്രമാത്രം ഫലവത്തായെന്ന് പരിശോധിച്ചാലേ സ്വാതന്ത്ര്യ ദിനാഘോഷം അർത്ഥപൂർണമാവൂവെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നതിനോടൊപ്പം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ അമൃത് എന്ന പരാമർശത്തിനു പ്രതികരണമായി മഹാകവി കുമാരനാശാനാണ് സ്വാതന്ത്ര്യത്തെ അമ്യതവുമായി ചേർത്തുവെച്ചതെന്നും അതിൽ മലയാളികൾക്ക് അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന നൽകുന്ന മൂല്യങ്ങൾ സംരക്ഷിക്കാനും സാമൂഹ്യപരമായും സാമ്പത്തികപരമായും സമത്വം ഉറപ്പുവരുത്താനുമാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം, ലൈഫ്, ആർദ്രം എന്നീ പദ്ധതികൾ സർക്കാർ തുടങ്ങിയതെന്നും മുഖ്യമന്ത്രി വിശദമാക്കി.

മഹാമാരികൾ വരുമ്പോൾ ജീവനെ സംരക്ഷിക്കുന്നതും ജീവിതോപാധികൾ നില നിർത്തുന്നതുമാണ് പ്രധാനം. മനുഷ്യർക്കും പ്രകൃതിക്കും തുല്യ പ്രാധാന്യം നൽകുന്ന വികസനമാണ് കേരളം ലക്ഷ്യം വെയ്ക്കുന്നത്. ഭരണഘടനാ ഉറപ്പു നൽകുന്ന മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുമെന്നും വികസിപ്പിക്കുമെന്നുമാണ് ഈ ദിവസം നമ്മൾ എടുക്കേണ്ട പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു.