വീഡിയോ കോളും ചുംബന സ്മൈലികളും; അധ്യാപകനെതിരെ ഗവർണർക്ക് പരാതി നൽകി വിദ്യാർഥികൾ

Crime Education News

തിരുവനന്തപുരം: വാട്ട്സ്ആപ്പ് വഴി വീഡിയോ കോളുകൾ ചെയ്യുകയും ചുംബന സ്മൈലികള്‍ അയയ്ക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് അദ്ധ്യാപകനെതിരെ ചെമ്പഴന്തി എസ്. എന്‍ കോളേജിലെ വിദ്യാര്‍ഥിനികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇതേ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്‍റ് പ്രൊഫസറും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറും കൂടിയായ ടി അഭിലാഷിനെതിരെയാണ് അഞ്ചു വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്. കോളേജ് അധികൃതർ പരാതിക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതിനാലാണ് സര്‍വകലാശാല ചാന്‍സലര്‍ പദവി കൂടെയുള്ള ഗവര്‍ണര്‍ക്ക് വിദ്യാര്‍ഥികള്‍ രാജ്ഭവനിലെത്തി പരാതി സമ്മർപ്പിച്ചത്.

കോളേജിൽ സംഘടിപ്പിച്ച ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി എന്ന ക്ലാസിനു ശേഷം അദ്ധ്യാപകൻ വിദ്യാർത്ഥികളെ രാത്രിസമയങ്ങളിൽ കാരണങ്ങൾ ഇല്ലാതെ വീഡിയോ കോള്‍ ചെയ്ത് ആവശ്യമില്ലാതെ സംസാരിക്കുകയും ചുംബന സ്മൈലി അയയ്ക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് രണ്ടു പ്രാവശ്യം കോളേജ് പ്രിന്‍സിപ്പലിന് വിദ്യാർഥികൾ പരാതി നൽകിയിരുന്നു. എന്നാൽ കടുത്ത സമ്മർദ്ദമുണ്ടായതിനാൽ ഇത് പിൻവലിപ്പിച്ചു. ഇതിനുശേഷം ഒരു കൂട്ടം വിദ്യാർഥികൾ പ്രിന്‍സിപ്പലിന് ഈ വിഷയത്തിൽ മെയില്‍ അയച്ചു.

പരാതി നൽകിയ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും കോളേജിൽ വിളിപ്പിച്ചു പ്രശ്നം ഉണ്ടാക്കുകയും ചെയ്തിരുന്നു. പരാതി പിൻവലിപ്പിക്കാൻ കോളേജിലെ പല ഡിപ്പാർട്ട്മെന്റ് മേധാവികളും കോളേജ് അധ്യാപക സംഘടനയുടെ നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. ഈ വിദ്യാർത്ഥികളെ മാനേജ്‌മന്റ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് നേരിട്ട് പരാതി നല്കാൻ ഇവർ തീരുമാനിച്ചത്.

എന്നാൽ പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെ പരാതി ഇന്‍റേണല്‍ കംപ്ലയിന്‍റ്സ് കമ്മിറ്റിക്ക് നൽകി അന്വേഷണം നടത്തുന്നുണ്ടെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. പക്ഷെ ഇത് അടിസ്ഥാനരഹിതമായ പരാതിയാണെന്നും കോളേജിലെ ചില അദ്ധ്യാപകർക്ക് തന്നോടുള്ള പരാതി വിദ്യാർഥികൾ വഴി തീർക്കുകയാണെന്നും ആരോപണവിധേയനായ അധ്യാപകൻ പറഞ്ഞു. വീഡിയോ കോളുകള്‍ അറിയാതെ കൈതട്ടി പോയതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.