മുഴുവൻ ഒഴിവുകളിലേക്കും നിയമനം: പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

Keralam News

തിരുവനന്തപുരം: പി.എസ്.സി യുടെ മുഴുവൻ ഒഴിവുകളിലേക്കും നിയമനം നടത്താനുള്ള നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതുകൊണ്ടു ഇനി പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി കൊണ്ടുപോകുന്നതും ഇപ്പോഴത്തെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും സർക്കാരിന്റെ നയമല്ല. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ കിട്ടുന്ന എല്ലാ ഒഴിവുകളിലേക്കും നിഗമനം നടത്തുന്നതാണ് സർക്കാരിന്റെ നയം.

സർക്കാരും പബ്ലിക് സർവീസ് കമ്മീഷനും നിയമനാധികാരികളും അതിനുവേണ്ടിയുള്ള എല്ലാ നടപടികളും നടത്തുന്നുണ്ട്. കൃത്യമായി പരീക്ഷകൾ നടത്തുവാൻ കോവിഡ് വ്യാപനം ഉണ്ടായതിനാൽ കഴിഞ്ഞില്ലെന്നും എന്നാൽ അത് നിയമന ശുപാർശ നൽകുന്നതിനെയോ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയോ ബാധിക്കില്ലെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവായ വി..ഡി. സതീശന്റെ സബ്മിഷന് മറുപടിയായാണ് ഇത് അറിയിച്ചത്. ഓഗസ്റ്റ് നാലിന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കും.

അത് കണക്കിലെടുത്തുകൊണ്ട് എല്ലാ ഒഴിവുകളിലും നിയമനാധികാരികൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനു സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നതിനായി യോഗം വിളിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം കൊടുത്തു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ചകൾ സംഭവിക്കുകയാണെങ്കിൽ അതിനു പിന്നിലുള്ള വകുപ്പിലെ നിയമനാധികാരികൾക്കും വേധാവികൾക്കുമെതിരെ കടുത്ത നടപടി തന്നെ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.