കോവിഡ് ഭയം; വീടിനുള്ളിൽ മാത്രം കഴിഞ്ഞത് 15 മാസം

India News

കഡലി: കോവിഡ് ഭീതിയിൽ ഒരു വർഷത്തിനും മുകളിൽ വീടിനു പുറത്തിറങ്ങാതെ ജീവിച്ചൊരു കുടുംബം. ആന്ധ്രാപ്രദേശിലെ കഡലി ഗ്രാമത്തിലാണ് അമ്മയും രണ്ട് പെൺകുട്ടികളും പതിനഞ്ചു മാസം വീട്ടിനകത്തു കഴിഞ്ഞത്.

അയൽവാസി കോവിഡ് ബാധിച്ചു മരിച്ചതറിഞ്ഞു ഭയപ്പെട്ട 50 വയസ്സുകാരി റുത്തമ്മയും ഭർത്താവും മകനും രണ്ടു പെൺമക്കളും അടച്ചിട്ട വീടിനുള്ളിൽ താമസം ആരംഭിക്കുകയായിരുന്നു. നീണ്ട കാലം ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചു വന്ന സന്നദ്ധപ്രവർത്തകരാണ് സംഭവം ആദ്യം അറിയുന്നത്. അവർ പോലീസിനെ വിവരം അറിയിക്കുകയും കുടുംബത്തെ രക്ഷപ്പെടുത്തുകയും ചെയ്തു.

ഇത്രയും കാലം പിതാവും ആൺകുട്ടിയും മാത്രം അവശ്യസാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയിരുന്നു. എന്നാൽ സ്ത്രീകൾ ആരും ഇത്രയും മാസമായി പുറത്തിറങ്ങിയിട്ടില്ല. ഇത് അവരിൽ കടുത്ത സമ്മർദ്ദവും ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കിയിരുന്നു.

സർക്കാർ പദ്ധതിയിലൂടെ വീട് ലഭിച്ച വിവരം അറിയിക്കാനും അതിനുവേണ്ട വിരലടയാളം ശേഖരിക്കാനുമായിരുന്നു സന്നദ്ധ പ്രവർത്തകർ വീട്ടിൽ വന്നത്. മുമ്പും ഈ വീട്ടിൽ അവർ വന്നിട്ടുണ്ടങ്കിലും ആരെയും കാണാത്തതിനാൽ തിരിച്ചു പോവുകയായിരുന്നു. ആരോഗ്യപ്രവർത്തകരെ കൂട്ടി വന്ന പൊലീസ് അടച്ചിട്ട നിലയിലുള്ള മുറിയിൽ നിന്ന് മൂന്നു സ്ത്രീകളെ പുറത്തെത്തിക്കുകയായിരുന്നു.