വിദ്യാര്‍ത്ഥി സമ്മേളനം

Breaking Keralam Local News Politics

മലപ്പുറം: മലബാറിലെ ജനത വിദ്യാഭ്യാസം നേടിയാല്‍ മുസ്ലിംലീഗിന്റെ മേല്‍ക്കോയ്മ ഇല്ലാതാകുമെന്ന് പറഞ്ഞവരോട് സ്വത്വ രാഷ്ട്രീയത്തിന്റെ ഏഴരപ്പതിറ്റാണ്ട് ആഘോഷിച്ചുകൊണ്ടാണ് മുസ്ലിംലീഗ് മറുപടി പറയുന്നതെന്ന് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇ. അഹമ്മദ് സാഹിബ് നഗറില്‍ നടന്ന വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ കാര്‍മേഘം ഒഴിഞ്ഞുപോകുമെന്നും ഇതിലും വലിയ പ്രതിസന്ധികള്‍ നാം മറികടന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തോളം പഴക്കമുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്. എം.എസ്.എഫ് നിലനില്‍ക്കുന്നിടത്തോളം കാലം മുസ്ലിം രാഷ്ട്രീയത്തിന് യാതൊരു കേടുപാടും പറ്റില്ലെന്നും അതിനായി രാഷ്ട്രീയാവബോധമുള്ള ഒരു ജനതയെ സൃഷ്ടിക്കാന്‍ നമുക്കാകണമെന്നും അബ്ദുല്‍ വഹാബ് കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വേദിയിലെത്തിയത് വിദ്യാര്‍ഥികളെ ആവേശത്തിലാക്കി. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിദ്യാര്‍ഥി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന വേദിയിലാണ് സാദിഖലി തങ്ങളെത്തിയത്. തുടര്‍ന്ന് സെഷന്‍ അവസാനിക്കുന്നത് വരെ തങ്ങള്‍ വേദിയില്‍ സമയം ചെലവഴിച്ചു. ഐ.ടി.ഐ, പോളിടെക്‌നിക് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് തങ്ങള്‍ ഉപഹാരം കൈമാറി. തൂത വാഫി കോളജിലെ വിദ്യാര്‍ഥി ഹാഫിള് ഹിഷാം പി.എം.ആര്‍ രചിച്ച ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന കവിത തങ്ങള്‍ പ്രകാശനം ചെയ്തു. ഇഹ്‌സാന്‍ നാടപറമ്പ് കവിത ആലപിച്ചു.
ചടങ്ങിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയം എന്ന വിഷയം അഡ്വ. ഫൈസല്‍ ബാബുവും ദേശീയ വിദ്യാഭ്യാസ നയം: സാമൂഹ്യ ചിന്തകള്‍ എന്ന വിഷയം പി.വി അഹമ്മദ് സാജുവും ലിംഗവിഭാഗങ്ങള്‍: പ്രകൃതിയും നിര്‍മ്മിതിയും എന്ന വിഷയം റഷീദ് ഹുദവി ഏലംകുളവും അവതരിപ്പിച്ചു. അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, എം.കെ ബാവ, നജ് വ ഹനീന, അഷ്ഹര്‍ പെരുമുക്ക്, ഫാരിസ് പൂക്കോട്ടൂര്‍, വി.എ.വഹാബ്, പി.എ ജവാദ്, അഡ്വ. കെ. തൊഹാനി പ്രസംഗിച്ചു.