മണല്‍കടത്തിനുള്ള തോണികള്‍ക്കു പുഴയില്‍ താഴ്ത്താന്‍ പ്രത്യേക വാല്‍വുകള്‍.
ഭാരതപ്പുഴയില്‍ താഴ്ത്തിയ 10തോണികള്‍ പിടിച്ചെടുത്ത് പോലീസ്.

Breaking Crime Local News

മലപ്പുറം: മണല്‍ക്കടത്ത് സംഘം ഭാരതപ്പുഴയില്‍ താഴ്ത്തിയ 10തോണികള്‍ പിടിച്ചെടുത്ത് പോലീസ്. മണല്‍കടത്തിനുള്ള തോണികള്‍ പുഴയില്‍ താഴ്ത്താന്‍ പ്രത്യേക വാല്‍വുകള്‍. ഭാരതപ്പുഴയിലെ തിരുന്നാവായ, തൃപ്രങ്ങോട്, പുറത്തൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി ഇന്ന് പുലര്‍ച്ചെ തുടങ്ങിയ പരിശോധനയിലാണ് പത്തു തോണികള്‍ പിടിച്ചെടുത്തത്. ഏഴൂതോണികള്‍ വേഗത്തില്‍ പിടിക്കാന്‍ സാധിച്ചെങ്കിലും വെള്ളത്തില്‍ താഴ്ത്തിയ മൂന്നു തോണികള്‍ പിടിച്ചെടുക്കാന്‍ പുറത്തുനിന്നുള്ളവരുടെ സഹായവും തേടി. തിരൂര്‍ സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.


സി.ഐ നേതൃത്വത്തില്‍ തിരുന്നാവായ ബന്തര്‍ കടലിലും പരിസര പഞ്ചായത്തുകളിലുമാണ് പരിശോധന. തൃപ്രങ്ങോട്, പുറത്തൂര്‍ പഞ്ചായത്തുകളിലെ അനധികൃത കടത്ത് കേന്ദ്രങ്ങളിലും പൊലീസ് സംഘമെത്തി. പൊലീസിനെ കണ്ടതോടെ പല സംഘങ്ങളും തോണി പുഴയില്‍ മുക്കി രക്ഷപ്പെട്ടു. എന്നാല്‍ വെള്ളത്തില്‍ താഴ്ത്തിയ തോണികള്‍ പോലീസ് കണ്ടെത്തി മുങ്ങി കസ്റ്റഡിയിലെടുത്തു.

മണല്‍കടത്തിനുപയോഗിക്കുന്ന തോണികളുടെ താഴെ രണ്ടു വശങ്ങളിലുമായി രണ്ടു ദ്വാരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് വാല്‍വുപോലെ അടക്കാനും തുറക്കാനും സാധിക്കുന്നതാണ്. മണല്‍കടത്ത് കഴിഞ്ഞ ശേഷം ഈ വാല്‍വ് തുറക്കും. ഇതോടെ തോണിയിലേക്ക് വെള്ളം കയറുകയും തോണി താഴ്ന്നുപോകുകയും ചെയ്യും. താഴേ കയറുകൊണ്ടുകെട്ടിവെച്ച ശേഷം ആവശ്യമാകുന്ന സമയത്ത് തോണി ഉയര്‍ത്തി വെള്ളം കളഞ്ഞാണ് പിന്നെ തണല്‍കടത്തു നടത്തുകയെന്നും തിരൂര്‍ സി.ഐ: എം.ജെ ജിജോ പറഞ്ഞു. ഇതോടെ പരിശോധനക്കു വരുന്ന പോലീസിനു തോണികള്‍ കണ്ടെത്താന്‍ സാധിക്കാറില്ലായിരുന്നു.

പിന്നീടാണ് ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് പോലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത തോണികളെല്ലാം ജെ.സി.ബി. ഉപയോഗിച്ചു പൊളിക്കുമെന്നും തിരൂര്‍ സി.ഐ പറഞ്ഞു.
കരയില്‍ സൂക്ഷിച്ചിരുന്ന മണല്‍ ശേഖരം പുഴയില്‍ തള്ളുകയും ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് തോണികളും ഒരു ലോറിയും മറ്റു യന്ത്ര സാമിഗ്രികളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. തൃപ്രങ്ങോട് പഞ്ചായത്തിലെ കുഞ്ചിക്കടവില്‍ നിന്നും മണല്‍ കടത്തുകയായിരുന്ന ഒരു ലോറി പൊലിസ് സംഘം പിടികൂടി. ഇവിടെ മണല്‍ വാരാന്‍ ഉപയോഗിച്ചിരുന്ന 10 ഓളം തോണികളും പിടിച്ചെടുത്തു.


അതേ സമയം കഴിഞ്ഞ ദിവസവും തൃപ്രങ്ങോട് പഞ്ചായത്തിലെ ഭാരതപ്പുഴയുടെ തീരങ്ങളില്‍ തിരൂര്‍ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ ആറു മണല്‍ കടത്തു വഞ്ചികളും മുപ്പതോളം ലോഡ് മണലും പിടിച്ചെടുത്തിരുന്നു. ശേഷം വഞ്ചികള്‍ ജെസിബി ഉപയോഗിച്ച് നശിപ്പിക്കുകയും മണല്‍ പുഴയിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്തു.
പെരുന്തല്ലൂര്‍, മൂച്ചിക്കല്‍ ഭാഗങ്ങളിലെ അനധികൃത കടവുകളിലാണ് പരിശോധന നടന്നത്. പോലീസിനെ കണ്ട് പുഴയില്‍ താഴ്ത്തിയ മണല്‍ വഞ്ചികള്‍ സാഹസികമായാണ് പോലീസ് തിരിച്ചെടുത്തത്.

എസ്. ഐ മാരായ സജേഷ് സി ജോസ്, വിപിന്‍ സീനിയര്‍ സി.പി.ഒ മാരായ ജിനേഷ് , ഷിജിത്ത്, രാജേഷ് സിപിഒ മാരായ അരുണ്‍, ധനേഷ് കുമാര്‍, ദില്‍ജിത്ത് റാപ്പിഡ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് സേനാംഗങ്ങള്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.