ചാലിയാര്‍ റിവര്‍ പാഡില്‍ ഇന്നു മുതല്‍

Local News

നിലമ്പൂര്‍: ഒമ്പതാമത് ചാലിയാര്‍ റിവര്‍ പാഡിലിന് ഇന്ന് നിലമ്പൂരില്‍ തുടക്കമാവും. മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവില്‍ നിന്ന് ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന കയാക്കിങ് ബോധവല്‍ക്കരണ യാത്ര ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സമാപിക്കും. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് യാത്രയാണ് ചാലിയാര്‍ റിവര്‍ പാഡില്‍. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലുമായാണ് യാത്ര. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്ററന്റ്, ഗ്രീന്‍ വേംസ്, കയാക്കേഷ്യ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. പിവി അന്‍വര്‍ എം എല്‍ എ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. നിലമ്പൂര്‍ നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, മുഖ്യ പരിശീലകന്‍ പ്രസാദ് തുമ്പാണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഞായറാഴ്ച്ച വൈകിട്ട് 4ന് നടക്കുന്ന സമാപന ചടങ്ങ് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും നൂറോളം ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. എട്ട് മുതല്‍ അറുപത് വയസ്സുവരെയുള്ളവര്‍ സംഘത്തിലുണ്ടാവും. ചാലിയാറിലൂടെ ഇവര്‍ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. ലോക കയാക്കിങ് താരങ്ങളോടൊപ്പം തുടക്കകാര്‍ക്കും തുഴയെറിയാം എന്നതാണ് ചാലിയാര്‍ റിവര്‍ പാഡിലിന്റെ സവിശേഷത. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് കയാക്കിങ്.
ചാലിയാറില്‍ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിക്കുക, നദികളുടെ സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക, പുഴയുമായുള്ള ബന്ധം പുന:സ്ഥാപിക്കുക, ജല സാഹസിക കായിക വിനോദങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. മൂന്നു ദിവസങ്ങള്‍ക്കൊണ്ട് ചാലിയാര്‍ പുഴയില്‍ നിന്നും ഏകദേശം 2000 കിലോഗ്രാം മാലിന്യം ശേഖരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും കൗഷിക്ക് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസിന്റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് പുന:ചംക്രമണത്തിന് അയയ്ക്കും.

പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തുമെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍ പറഞ്ഞു. ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്‌ക്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വിവിധ തരം ജല കായിക വിനോദങ്ങള്‍ പരിചയപ്പെടുത്തുമെന്നും റിന്‍സി കൂട്ടിച്ചേര്‍ത്തു.