ഭർത്താവിനെ തിരഞ്ഞിറങ്ങിയ വയോധിക ബൈക്കിടിച്ച് മരിച്ചു ; ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Keralam News

മൂലമറ്റം : ഭർത്താവിനെ തിരഞ്ഞിറങ്ങിയ 72 കാരി ബൈക്കിടിച്ച് മരിച്ചു. കാണാതായ 75 കാരനായ ഭർത്താവിനെ കിണറ്റിൻ പൈപ്പിൻമേൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റത്ത് രതീഷ് പ്രസ്സ് നടത്തുന്ന നീറണാകുന്നേല്‍ ചിദംബരത്തെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യ സുജാതയാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.

ഞായറഴ്ച വൈകീട്ട് ഏഴരയ്ക്കാണ് സുജാത അപകടത്തിൽ പെടുന്നത്. സന്ധ്യയായിട്ടും മടങ്ങിവരാത്ത ഭർത്താവിനെ അന്വേഷിച്ച് പോകുമ്പോൾ മൂലമറ്റം ടൗണിലാണ് അപകടം നടന്നത്. ചെറാടി സ്വദേശി ദിലുവിന്‍റെ ബൈക്ക് ഇടിച്ച സുജാതയെ ഉടനെത്തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

സുജാതയുടെ മരണവിവരം അറിയിക്കാൻ ചിദംബരത്തെ അന്വേഷിച്ചിറങ്ങിയ നാട്ടുകാർ രാത്രി 10 മണിയോടെയാണ് പ്രസ്സിന്റെ അടുത്തുള്ള കിണറ്റിൻ പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.