വീട്ടിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ ലാല്‍ കൃഷ്ണയുടെ ശരീരത്തിലേക്ക് തീ പടര്‍ന്ന് ശരീരത്തിന്റെ 35 ശതമാനം പൊള്ളി. ആരും തളര്‍ന്നു പോകുന്ന സാഹചര്യത്തില്‍നിന്നും യുവതിയുടെ അതിജീവനത്തിന്റെ കഥ..

Feature Keralam

ജീവിതം കൊണ്ട്, അതിജീവനം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ചിലരുണ്ട്. ലാൽ കൃഷ്ണ എന്ന പെൺകുട്ടി അക്കൂട്ടത്തിൽപ്പെട്ട ഒരാളാണ്. ഉള്ളു പൊള്ളാതെ നമുക്കവരെ അടുത്തറിയാനാവില്ല. വീട്ടിലെ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അതൊരിക്കലും തന്റെ ജീവിതത്തിന്റെ ഗതി മാറ്റുമെന്ന് അവൾ കരുതിയിട്ടുണ്ടാവില്ല. പെട്ടെന്നുണ്ടായ തീ പടർച്ചയിൽ ശരീരത്തിന്റെ 35 ശതമാനം പൊള്ളിപ്പോവുമ്പോൾ ഇതോടു കൂടി തന്റെ ജീവിതം തീർന്നുപോയെന്ന് അവൾ ഉറപ്പിച്ചിട്ടുണ്ടാകും. പക്ഷെ തന്റെ ആത്മവിശ്വാസവും പ്രിയതമന്റെ കൂട്ടും അവളെ കൂടുതൽ കരുത്തുള്ളവളാക്കി.
ഇത് ലാൽ കൃഷ്ണയുടെ കഥ. തീപ്പൊള്ളൽ മാറ്റിയെടുത്ത അവളുടെ ജീവിതത്തിന്റെ കഥ.

ജീവിതം കളറാക്കിയ ലോക്ക്ഡൌൺ

മോഡലെന്നും സംരഭകയെന്നും സ്വയം വിശേഷിപ്പിക്കുന്ന ലാൽ കൃഷ്ണയുടെ നാട് തിരുവനന്തപുരമാണ്. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇക്കഴിഞ്ഞ ലോക്ക്ഡൗണിലാണ് ലാൽ കൃഷ്ണ, ബിബിൽ എന്ന തന്റെ പ്രിയതമനെ വിവാഹം കഴിക്കുന്നത്.
കല്യാണം കഴിഞ്ഞ ഉടനെത്തന്നെ ലോക്കായി. എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഇൻസ്റ്റന്റ്ഗ്രാമിൽ ഒരു മോഡലിംഗ് ഷോയെ കുറിച്ച് കാണുന്നത്.കൂടുതൽ അന്വേഷിച്ചപ്പോൾ അവരുടെ ഡീറ്റയിൽസ് ഒക്കെ കിട്ടി. ഷോയുടെ ഓണറെ വിളിച്ചു.താൻ പൊള്ളലിനെ അതിജീവിച്ച ആളാണെന്നും ഷോയിൽ പങ്കെടുക്കാൻ താല്പര്യമുണ്ടന്നും പറഞ്ഞപ്പോൾ വളരെ പോസിറ്റിവ് ആയ മറുപടിയാണ് അദ്ദേഹം തന്നതെന്ന് ലാൽ കൃഷ്ണ ഓർമ്മിക്കുന്നു. ആത്മവിശ്വാസമുണ്ടെങ്കിൽ ധൈര്യമായി പങ്കെടുക്കൂ എന്ന അദ്ദേഹത്തിന്റെ വാക്കിന്റെ പുറത്താണ് , ഭർത്താവിന്റെ പിന്തുണയോടെ ലാൽ കൃഷ്ണ മോഡലിംഗ് ഷോയിൽ മത്സരിച്ചത്. തീർത്തും അപ്രതീക്ഷിതമായി രണ്ട് മത്സരത്തിൽ ടൈറ്റിൽ വിന്നറാവാനും അവൾക്ക് പറ്റി. അതിലൊന്ന് മിസ് ബ്യുട്ടിഫുൾ, മറ്റേതാകട്ടെ മിസ്സ് റാംപ് വാക്ക്.
ശരീരത്തെ വളരെ നന്നായി കെയർ ചെയ്യുന്ന, സൗന്ദര്യമുള്ള ആളുകളോടൊപ്പം , പൊള്ളലിന്റെ പാടും ഉള്ളിലെ മുറിവുകളുമായി മത്സരിക്കുമ്പോൾ ഇത്രത്തോളം തനിക്ക് വിജയിക്കാനാവുമെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചിട്ടില്ലായിരുന്നു.
അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ടൈംസ് ഓഫ് ഇന്ത്യ ഡിസംബർ – ജനുവരിയിൽ നടത്തിയ ഗ്ലോ ഗ്ലോറിയസ് എന്ന ഫാഷൻ പ്രോഗ്രാമിൽ 1200 പേരിൽ നിന്ന് മികച്ച അൻപത് ആളുകളെ തിരഞ്ഞെടുത്തതിൽ ഒരാൾ ലാൽ കൃഷ്ണയായിരുന്നു. ഇപ്പോൾ മിസ്സ് ആൻഡ് മിസ്സിസ് സൂപ്പർ മോഡൽ ഫെയിം ഏഷ്യ എന്ന പരിപാടിയിൽ മിസ്സ് ഡിവ 2021 ആയി തിരഞ്ഞെടുക്കപ്പെട്ടതും ഈ മിടുക്കി തന്നെയാണ്.

പ്രണയത്തിന്റെ നാൾ വഴികൾ

2017 ൽ ബിബിൽ ടെക്നോ പാർക്കിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് ആദ്യമായി ലാൽ കൃഷ്ണയെ കണ്ടുമുട്ടുന്നത്. പരസ്പരം സംസാരിച്ചപ്പോഴാണ് ലാൽ കൃഷ്ണ തന്റെ ജൂനിയർ കൂടിയായിരുന്നുവെന്ന് തിരിച്ചറിയുന്നത്. ആ പരിചയം സൗഹൃദമായും സൗഹൃദം പ്രണയമായും മാറി. ആ വർഷം തന്നെ നവംബറിൽ നിശ്ചയം നടത്തി. സ്വന്തമായി നല്ലൊരു ജോലി കിട്ടിയിട്ടു മതി വിവാഹമെന്ന അഭിപ്രായമായിരുന്നു ലാൽ കൃഷ്ണക്ക് ഉണ്ടായിരുന്നത്. അതിനുള്ള സമയം കണക്കാക്കി 2019 ഡിസംബർ 15 ന് വിവാഹവും ഉറപ്പിച്ചു. കല്യണത്തിന് മുന്നേയുള്ള ജൂലൈ മാസം, പൊടുന്നനെ അവളുടെ സ്വപ്നങ്ങളെയെല്ലാം കരിച്ചു കളഞ്ഞു.

പൊള്ളിയ ഓർമ്മകൾ, മാറാത്ത പാടുകൾ

കർക്കിട വാവിനാണ് ആ ഇരുണ്ട സംഭവം അരങ്ങേറിയത്. അതിന്റെ ഓർമ്മകളുടെ ചൂട് ലാൽ കൃഷ്ണയുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അന്ന് വീടെല്ലാം വൃത്തിയാക്കി വേസ്റ്റുകൾ ഒക്കെ കൂട്ടിയിട്ട് കത്തിക്കാൻ തുടങ്ങി. ഒരു കമ്പെടുത്ത് കുത്തി ഇളക്കുന്നതിനിടയിലാണ് തീ പെട്ടെന്നനൊരു ഗോളം പോലെ മേലാകെ പടർന്നു കയറിയത്. കുളിക്കുന്നതിന് മുന്നോടിയായി തലയിലും ദേഹത്തുമൊക്കെ എണ്ണ പുരട്ടിയിരുന്നു. അതുകൊണ്ടാവണം വളരെ പെട്ടെന്ന് പടർന്നത്. മുഖത്ത് മഞ്ഞൾ പുരട്ടിയിരുന്നത് കൊണ്ട് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. അപകടത്തിന്റെ ഷോക്കിൽ ആയിട്ടും ഒരു ധൈര്യത്തിന്റെ പുറത്തു റൂമിലേക്ക് ഓടിപ്പോയി മേലാകെ ബെഡ് ഷീറ്റ് കൊണ്ട് പുതച്ചു. പൊള്ളലേൽക്കുമ്പോൾ അങ്ങനെ ചെയ്യണമെന്ന് എവിടെയോ കേട്ട ഒരറിവുണ്ടായിരുന്നു. പിന്നെ അമ്മയെയും അച്ഛനെയുമൊക്കെ വിളിച്ചു.
അപ്പുറത്തെ വീട്ടിലെ ചേട്ടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 35 ശതമാനം പൊള്ളലേറ്റിരുന്നു.

പിന്നെ അനന്തമായ ആശുപത്രി വാസം. 3 മാസം മെഡിക്കൽ കോളേജിൽ ഐ.സി.യു വിൽ ആയിരുന്നു. ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ സങ്കീർണ്ണമായിരുന്നു. റെസ്പിറേറ്ററി സിസ്റ്റത്തിന്റെ ഭാഗത്ത് ചൂട് തട്ടിയത് കൊണ്ടാണ് പ്രശ്നം ഗുരുതരമായത്. സർജറി നടത്തി. സ്കിൻ ഗ്രാഫ്റ്റിങ് ചെയ്തു. പിന്നീട് അച്ഛൻ ജോലി ചെയ്യുന്ന കണിയാപുരത്തെ ഷിഫാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ഒരു വർഷത്തോളം ചികിത്സ നടത്തി. അവിടുത്തെ ഡോക്റ്ററായ അബ്ദുൽ സലീമാണ് ലാൽ കൃഷ്ണയെ ഇപ്പോൾ കാണുന്ന തരത്തിൽ മാനസികമായും ശാരീരികമായും മിടുക്കിയായി മാറ്റിയെടുത്തത്.

ജീവിതം തിരികെ തന്ന സ്നേഹങ്ങൾ

പൊള്ളിയത് മുതൽ ഭർത്താവ് ബിബിൽ കൂടെത്തന്നെ നിന്നു. ആദ്യത്തേക്കാൾ അധികം സ്നേഹിച്ചു. അപകർഷതയും ആത്മവിശ്വാസക്കുറവും കാരണം കഴുത്തു കാണാത്ത , മെലിഞ്ഞതും പാടുകളുള്ളതുമായ കൈ മറക്കുന്ന ഡ്രെസ്സുകളിട്ടാണ് ലാൽ കൃഷ്ണ പുറത്തേക്കിറങ്ങിയിരുന്നത്. അതിന് മാറ്റം വരുത്തിയതും ബിബിലാണ്. സ്ലീവ്‌ലെസ് ആയിട്ടുള്ള കുറെ ഉടുപ്പുകൾ അവൻ തന്റെ പ്രിയതമയ്ക്ക് സമ്മാനിച്ചു. ആരെങ്കിലും എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ താൻ മറുപടി കൊടുത്തോളാമെന്ന ധൈര്യം പകർന്നു. എന്റെ പെണ്ണ്സുന്ദരിയാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഒരിടത്തും തോൽക്കാതെ ജയിച്ചു കേറാൻ ലാൽ കൃഷ്ണയുടെ കൂടെ നിന്നത് ഭർത്താവ് തന്നെയാണ്. ലാൽ കൃഷ്ണയുടെ മാതാപിതാക്കളും മകളെ ആർജ്ജവത്തോടെ തന്നെ മുന്നോട്ട് നയിച്ചു. അഞ്ജലി ജയന്തനെന്ന സുഹൃത്തും അവളുടെ പിതാവ് ജയന്തനും ലാൽ കൃഷ്ണയ്ക്ക് ആവശ്യമായ പിന്തുണയും സ്നേഹവും നൽകി.

ഭാവി സ്വപ്‌നങ്ങൾ

ജീവിതത്തിൽ നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾ നേരിട്ടത് കൊണ്ട് തോറ്റുപോവാൻ ലാൽ കൃഷ്ണ ഒരുക്കമല്ല. ഭാര്യാഭർത്താക്കൾക്കുള്ള വിവാഹ വസ്ത്രം ഡിസൈൻ ചെയ്യുന്ന ബിസിനസ്‌ ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവുന്നുണ്ട് ഈ ദമ്പതികൾ. ലഹങ്കയും ഗൗണുമാണ് കൂടുതൽ ചെയ്യുന്നത്. കൂട്ടത്തിൽ ലാൽ കൃഷ്ണയുടെ മോഡലിംഗും നടക്കുന്നുണ്ട്. അതിനു പുറമെ ബേക്കറി പ്രൊഡക്ഷനും ഡിസ്‌ട്രിബ്യുഷനും നോക്കി നടത്തുന്നുമുണ്ട്. ഇതെല്ലം ഒരുമിച്ച് നന്നായി കൊണ്ടുപോവാനുള്ള ശ്രമത്തിലാണ് ലാൽ കൃഷ്ണയും ബിബിലും.

ജീവിതത്തിൽ കുഞ്ഞു വിഷമങ്ങൾ വരുമ്പോഴേക്കും ജീവിതംഅവസാനിച്ചെന്നുവെന്ന് വിലപിക്കുന്നവർക്ക് നല്ലൊരു മാതൃകയാണ് ലാൽ കൃഷ്ണ. ജീവിതത്തിൽ മുന്നേറാനുള്ള ആത്മവിശ്വാസവും കൂടെ ചേർത്തുപിടിക്കാൻ ഒരു കൂട്ടുമുണ്ടാവുമ്പോൾ തോൽക്കാനാണ് പ്രയാസമെന്ന് ലാൽ കൃഷ്ണയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.