ഹണി ട്രാപ്: ലക്ഷ്യം വിദേശത്ത് നിന്നും കരിപ്പൂരെത്തുന്ന പ്രവാസികൾ

Keralam News

മലപ്പുറം: വിദേശത്ത് നിന്നും കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ഒരു ഉഗ്രൻ ഹണി ട്രാപ്പാണ്. ഇതിലൂടെ പണം തട്ടുന്ന സംഘത്തിലെ രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശിയായ ജിഷാദും തേഞ്ഞിപ്പലം പെരുവള്ളൂർ സ്വദേശിയായ യാകൂബും ആണ് അറസ്റ്റിലായത്.

സ്ത്രീകൾ വഴി പ്രവാസികളെ ഫോണിൽ വിളിക്കുകയും വലയിൽ വീഴ്ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ പരിപാടി. ഇനി രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. 2020 ജൂണിൽ പെരിന്തൽമണ്ണ സ്വദേശി കൊടുത്ത പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. വേങ്ങര വാളക്കുട സ്വദേശിയായ ശിഹാബിനെ കഴിഞ്ഞ ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അയാൾ മറ്റൊരു കേസിൽ കർണാടക ജയിലിലാണ്.

ഗോവയിൽ നിന്നും കർണാടകയിൽ നിന്നുമെല്ലാം സ്ത്രീകളെ ഇറക്കി അവരെ വെച്ച് മലയാളികളെ ട്രാപ്പിലാക്കുന്നു. എന്നിട്ടു ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പണം തട്ടുകയും ചെയ്യുന്നു. ഇങ്ങനെയാണ് അവർ തട്ടിപ്പു നടത്തുന്നത്.