കൊല്ലത്ത് പതിനേഴുകാരിയുടെ ആത്മഹത്യ: ലൈംഗിക പീഡനത്തിനിരയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Keralam News

കൊല്ലം: കുളത്തുപ്പുഴയിൽ വീട്ടിൽ ആത്മഹത്യചെയ്ത പതിനേഴുകാരി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. വീടിനകത്തെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.

എന്നാൽ മരിക്കുന്നതിന് ആഴ്ച്ചകൾക്കു മുമ്പ് തന്നെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞത്. അച്ഛൻ നേരത്തെ മരിച്ചതിനാലും അമ്മ തിരുവനന്തപുരത്ത് ഹോംനഴ്‌സായതിനാലും മുത്തശ്ശന്റെ കൂടെയായിരുന്നു പെൺകുട്ടിയുടെ താമസം. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി കിണർ വരെ വറ്റിച്ച് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ പെൺകുട്ടി ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിട്ടുണ്ടായിരുന്നു. അത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചില ആളുകളുടെ പേരുകൾ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.