മാസ്ക് ധരിക്കാൻ പറയുന്നത് ഭരണഘടനാ വിരുദ്ധം; കത്തോലിക്കാ സഭയുടെ സ്കൂള്‍

Education Health International News

മാസ്ക് ധരിക്കാന്‍ പറയുന്നത് ഭരണഘടനാവിരുദ്ധമെന്ന് മിഷിഗണിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്കൂള്‍. അഞ്ച് വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് ഭരണഘടന അനുസരിച്ചു ഒരു പൗരന് ലഭിക്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് സ്കൂള്‍ അഭിപ്രായപ്പെടുന്നത്.

ലാന്‍സിംഗ് ആസ്ഥാനമായുള്ള എലമെന്‍ററി സ്ക്കൂൾ ഈ വാദവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. മാസ്ക്കിടാൻ നിര്ബന്ധിക്കുന്നതിലൂടെ മതവിശ്വാസത്തിനെ അടിസ്ഥാനമാക്കിയുള്ള മൂല്യങ്ങളെ എതിർക്കുകയാണെന്ന് സ്ക്കൂൾ അധികൃതർ വാദിക്കുന്നു. ക്രിസ്തീയ വിശ്വാസപ്രകാരം ദൈവത്തിന്‍റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുമ്പോൾ ഈ മുഖം മറയുന്നു, ഇത് വിശ്വാസത്തെ അപമാനിക്കുന്നതിനു തുല്യമാണ്.

ഇതോടൊപ്പം മാസ്ക് ധരിച്ചു കുട്ടികൾക്ക് അലർജി അടക്കമുള്ള രോഗങ്ങൾ ഉണ്ടാവുന്നുണ്ടെന്നും ഇത് പഠനത്തിന് വെല്ലുവിളിയുണ്ടാക്കുന്നെന്നും, അധ്യാപകർ പറയുന്നത് കൃത്യമായി മനസിലാവുന്നില്ലയെന്നും കോടതിയിൽ കൊടുത്ത പരാതിയിൽ പറയുന്നുണ്ട്.

നിലവില്‍ കുട്ടികള്‍ മാസ്ക് ധരിക്കണമെന്ന് മിഷിഗണിൽ നിര്ബന്ധമില്ല. കോവിഡ് വ്യാപനത്തിനനുസരിച്ചു പ്രാദേശിക അധികാരികള്‍ക്ക് ഈ വിഷയത്തിൽ തീരുമാനം എടുക്കാമെന്നാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നിർദേശിച്ചത്. അതെ സമയം വാക്സിന്‍ ലഭിക്കാതെ വിദ്യാലയങ്ങളിൽ മാസ്ക് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിട്ടുമുണ്ട്. എന്നാൽ 12 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കാന്‍ ആരംഭിച്ചിട്ടില്ല. കേസില്‍ ഫെഡറല്‍ കോടതി പ്രാഥമികമായി നിരോധന ഉത്തരവുകളൊന്നും നടത്തിയിട്ടില്ല.