അനധികൃതമായി നിർമ്മിച്ചതെന്ന് ആരോപണം; ലക്ഷദ്വീപിൽ മദ്രസ പൊളിക്കാൻ നോട്ടീസ്

India News

മിനിക്കോയ്: സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ആരോപിച്ചു ലക്ഷദ്വീപിൽ മദ്രസ പൊളിച്ചു നീക്കാൻ ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടറുടെ നോട്ടീസ്. മിനിക്കോയ് ദ്വീപിലെ അൽ മദ്രസത്തുൽ ഉലൂമിയയാണ് പൊളിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

1965 ലെ ലക്ഷദ്വീപ് ലാൻഡ് റവന്യൂ ആൻഡ് ടെനൻസി റഗുലേഷനെതിരെയായാണ് മദ്രസ നിർമിച്ചത് എന്ന് കണ്ടാണ് പൊളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി ഇത് അനധികൃതമായി നിർമ്മിച്ചതല്ലെങ്കിൽ ഈ മാസം 26 നു മുൻപ് മറുപടി നൽകണമെന്നും, അല്ലാത്തപക്ഷം മുൻകൂട്ടി അറിയിപ്പ് നൽകാതെ പൊളിച്ചു നീക്കുമെന്നും മദ്രസ പ്രസിഡന്റിന് അയച്ച നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ മദ്രസ വർഷങ്ങളായി ഇവിടെ ഉണ്ടെന്നും, ഈ വിഷയത്തിൽ ആവശ്യമാണെങ്കിൽ നിയമ നടപടികൾ എടുക്കുമെന്നും സേവ് ലക്ഷദ്വീപ് ഫോറം കോ ഓർഡിനേറ്റർ ഡോ. മുഹമ്മദ് സാദിഖ് പ്രതികരിച്ചിട്ടുണ്ട്.

ഇതേ രീതിയിൽ കഴിഞ്ഞ ദിവസം കൽപ്പേനി ദ്വീപിലെ ചില ഭൂഉടമകൾക്കും നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ ആവശ്യമായ രേഖകൾ ഹാജരാക്കണമെന്നും, അത് തൃപ്തികരമായി തോന്നിയില്ലെങ്കിൽകെട്ടിടം പൊളിച്ചു നീക്കുമെന്നാണ് അവർക്കു കൊടുത്ത നോട്ടീസിൽ പറയുന്നത്. ഇതിനു മുൻപ് കവരത്തി, സുഹൈലി, ചെറിയം ദ്വീപുകളിൽ കടൽത്തീരത്ത് നിന്ന് 20 കിലോ മീറ്റർ പരിധിയിലുള്ള വീട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ് നൽകിയിരുന്നു.