തീവ്രവാദ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്: സ്വാതന്ത്യ്രദിനത്തിൽ സുരക്ഷ ശക്തമാക്കി ഡൽഹി പോലീസ്

India News

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുമ്പായി രാജ്യത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യത. സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനും സ്വാതന്ത്ര്യദിനത്തിനും ഇടയിലുള്ള ദിവസങ്ങളിൽ കടുത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് ഡൽഹി പോലീസ്. വലിയ രീതിയിലുള്ള തീവ്രവാദ ഗൂഡാലോചനകളാണ് ഓഗസ്റ്റ് അഞ്ചിന് ആക്രമണം ഉണ്ടാക്കുന്നതിനായി നടക്കുന്നത്.

ഇതിനു പിന്നിൽ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികളാണെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് അഞ്ചു തന്നെ ആക്രമണം നടത്താനുള്ള ദിവസമായി തിരഞ്ഞെടുക്കാനുള്ള കാരണം ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 എടുക്കളഞ്ഞത് ഇതേ ദിവസമായതിനാലാണെന്നാണ് പറയപ്പെടുന്നത്. അക്രമണത്തിനെതിരെ സേനയ്ക്ക് വേണ്ട മുൻകരുതലുകളെ കുറിച്ച് ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ ഡൽഹി പോലീസ് കമ്മിഷണർ ബാലാജി ശ്രീവാസ്‌തവ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

സ്വാതന്ത്ര്യദിനത്തിനു ഡ്രോണുകൾ പറത്തുന്നതും ഹോട്ട് എയർ ബലൂണുകൾ പരത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാശ്മീരിലടക്കം ഡ്രോണുകൾ മൂലം സുരക്ഷാ ഭീഷണി നേരിട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി. സേനാംഗങ്ങൾക്ക് ഡ്രോണുകൾ നശിപ്പിക്കുന്നതിനായുള്ള പരിശീലനങ്ങളും നടക്കുന്നുണ്ട്.