പൊലിസ് ആസ്ഥാനത്തു ക്ഷണം കിട്ടിയ പതിനൊന്നുകാരൻ; സമ്മാനമായി കമാൻഡോ യൂണിഫോമും ലാപ്ടോപ്പും

Keralam News

തിരുവനന്തപുരം: പൊലീസ് കമാൻഡോയുടെ യൂണിഫോം ധരിച്ചു കമ്മീഷണറുടെ കയ്യിൽ നിന്ന് സമ്മാനവും വാങ്ങി ഒരു പതിനൊന്നുകാരൻ. തിരുവല്ലം പുഞ്ചക്കരി തമ്പുരാൻമുക്ക് സ്വദേശി അഭിജിത്തിനാണ് ഈ ഭാഗ്യം ലഭിച്ചത്. ജീവിക്കാനായി അമ്മമ്മയുടെ കൂടെ സൈക്കിളിൽ മീൻകച്ചവടം നടത്തുന്ന അഭിജിത്തിനെ പൊലീസ് നേരിട്ട് വിളിച്ചു ആദരിക്കുകയായിരുന്നു.

വലുതാകുമ്പോൾ പൊലീസാകണമെന്ന അഭിജിത്തിന്റെ ആഗ്രഹം അറിഞ്ഞാണ് പൊലീസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത്. അഭിജിത്തിന്‌ പാകത്തിനുള്ള പൊലീസ് കമാൻഡോയുടെ യൂണിഫോം തിരുവല്ലം പോലീസുകാർ നൽകി. കമാൻഡോയുടെ വേഷത്തിൽ തന്നെ അമ്മൂമ്മ സുധാദേവിക്കും,സഹോദരി അമൃതയ്ക്കുമൊപ്പം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തേക്ക് പൊലീസ് വാഹനത്തിൽ തന്നെ പുതിയ ഡിജിപിയെ കാണാൻ കൊണ്ടുപോയി. പഠിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ഉറപ്പു നൽകിയ ഡിജിപി ഐപിഎസ് അനിൽ കാന്തും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും പുതിയ ലാപ്ടോപ്പും സമ്മാനമായി നൽകി.

പൊലീസ് ആവണമെന്ന് ആഗ്രഹിച്ചെങ്കിലും, ഇത്രപെട്ടെന്ന് പൊലീസ് ആസ്ഥാനത്തു പോകുവാൻ കഴിയുമെന്ന് ചിന്തിച്ചതേയില്ലെന്ന് അഭിജിത്ത് പറയുന്നു. എന്തായാലും ഇനി പൊലീസ് എന്തായാലുമാകുമെന്ന് ഒന്നുകൂടെ ഉറപ്പിച്ചിരിക്കുകയാണ് ഈ ഏഴാം ക്ലാസ്സുകാരൻ.

ഒൻപത് വശങ്ങൾക്കു മുൻപ് മാതാപിതാക്കൾ നാടുവിട്ടു പോയതോടെ അഭിജിത്തും സഹോദരിയും അമ്മമ്മയ്ക്കൊപ്പം ഷീറ്റു മേഞ്ഞ വാടകവീട്ടിലാണ് താമസം. കോറോണയ്ക്കു മുൻപ് 350 രൂപയ്ക്ക് ഹോട്ടലിൽ ജോലി ചെയ്തിരുന്ന അമ്മമ്മ പണി ഇല്ലാതായി മീൻ കച്ചവടത്തിലേക്ക് തിരിഞ്ഞപ്പോഴാണ് അഭിജിത്തും കൂടെ കൂടിയത്. എല്ലാ ദിവസവും വീടുകളിൽ നിന്ന് ഓർഡറനുസരിച്ചു സൈക്കിളിൽ മീനുകൾ എത്തിക്കും. അതുകഴിഞ്ഞാണ് ഓൺലൈൻ പഠനം. പൊലീസ് ആയിട്ട് അമ്മൂമ്മയെപ്പോലെ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നാണ് അഭിജിത്തിന്റെ സ്വപ്നം.