ഭർത്താവ് ഇറക്കിവിട്ടു; വീട്ടുവരാന്തയിൽ കഴിഞ്ഞു കൈക്കുഞ്ഞുമായി ഒരമ്മ

Keralam News

പാലക്കാട്: കാരണമില്ലാതെ ഭർത്താവ് ഒഴിവാക്കിയതിന് തുടർന്ന് വീടിന്റെ വരാന്തയിൽ കൈക്കുഞ്ഞുമായി താമസിച്ചു ഒരു സ്ത്രീ. ഈ മാസം ഒൻപതാം തീയതി മുതലാണ് മൂന്നുമാസമായ കുഞ്ഞുമായി അടച്ചിട്ട വീടിനു മുന്നിൽ അവർ നീതി തേടി കഴിയുന്നത്.

പ്രസവ ശേഷം ജൂൺ 21 ന്ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചുവന്ന സ്ത്രീയെ ഭർത്താവ് ഉപേക്ഷിക്കുകയായിരുന്നു. വ്യക്തമായ കാരണം പറയാതെ ഒഴിവാക്കിയതിന് തുടർന്ന് ഡി.വൈ.എസ്.പി ഓഫീസിൽ പരാതി കൊടുക്കുകയും ഭർത്താവിനെയും വിളിപ്പിക്കുകയും ചെയ്തിരുന്നു.

കുട്ടി തന്റേതല്ല, സ്ത്രീയുടെ അച്ഛനും അമ്മയും തട്ടിപ്പുകാരാണ് തുടങ്ങി പലതരം അന്യായമായ കാര്യങ്ങളാണ് അയാൾ പോലീസിനോട് പറഞ്ഞിരുന്നത്. രണ്ടു പേരോടും കൗൺസിലിംഗിന് പോകുവാൻ ഉപദേശം നൽകി പോലീസ് ഒത്തുതീർപ്പാക്കിയതായിരുന്നു. അതിനുശേഷമാണ് വീട് പൂട്ടി ഭർത്താവു പോയത്. അകത്തു കയറാനാവാതെ വന്നപ്പോൾ കുട്ടിയുമായി സ്ത്രീ വരാന്തയിൽ കഴിയുകയായിരുന്നു.

വീണ്ടും പോലീസ് ആളെ വിളിപ്പിച്ചെങ്കിലും സ്റ്റേഷനിൽ വരാൻ കൂട്ടാക്കിയില്ല. പ്രശ്നം അറിഞ്ഞു പഞ്ചായത്തു പ്രസിഡന്റും, നാട്ടുകാരും വന്നപ്പോൾ തങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ടയെന്ന് പറഞ്ഞു അയാൾ അവരെയും പുറത്താക്കി. വീട്ടിലേക്ക് കയറാതെ പല ഭാഗത്തായി താമസിക്കുകയാണ് ഭർത്താവ്. സ്ത്രീയെ നിരീക്ഷിക്കുന്നതിനായി വീടിന്റെ മുൻവശത്തു സി സി ടി വി യും സ്ഥാപിച്ചിട്ടുണ്ട്.

“യാഥാർത്ഥം കാരണം പറയുകയാണെകിൽ ഞാൻ പൊയ്ക്കോളാം. അല്ലാതെ ഒരു കാരണവുമില്ലാതെ എന്നെയും കുട്ടിയേയും ഒഴിവാക്കാൻ ഞാൻ സമ്മതിക്കുകയില്ല. ആര് വിളിച്ചാലും ഇപ്പോൾ വരാം എന്ന് പറയുകയല്ലാതെ എന്റെ മുന്നിൽ അയാൾ വരുന്നില്ല. കുട്ടിയെ പോലും ഒന്ന് നോക്കീട്ടില്ല. നാല് ദിവസം കുഞ്ഞുമായി ഞാൻ പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി. എന്നിട്ടും അയാൾക്ക് മനസാക്ഷി തോന്നിയിട്ടില്ല.” സ്ത്രീ പറഞ്ഞു.

പണ്ട് ഒരു സ്ഥലം വാങ്ങിച്ചു തരാൻ തന്റെ അച്ഛനോട് പറഞ്ഞിരുന്നുവെന്നും, അതിന് സാധിക്കില്ലെന്ന് അച്ഛൻ പറഞ്ഞത് മുതലാണ് പ്രശ്നം തുടങ്ങിയതെന്നും സ്ത്രീ പറയുന്നു.