കരുണയുടെ കൈനീട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇന്ദുലേഖ

News

നസ്‌റീന തങ്കയത്തില്‍

കൊല്ലം: ജീവിതമെന്നാല്‍ ഇന്ദുലേഖയ്ക്ക് ദുരിതങ്ങളും വേദനകളും മാത്രമാണ്. കൊല്ലം ചിറക്കരയില്‍ താമസിക്കുന്ന ഈ മുപ്പത്തൊമ്പതുകാരി പത്തു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപ്ലാസിന്‍ഡറം അഥവാ രക്ത കുഴലില്‍ രക്തം കട്ടപിടിക്കുന്ന അസുഖവും പേറി മൂന്ന് വര്‍ഷത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയില്‍ രണ്ടുകാലുകളും മുറിച്ചുമാറ്റേണ്ടി വന്നിട്ടും ഇന്ദുലേഖയെ ദുരിതങ്ങള്‍ വിടാതെ പിന്തുടരുകയാണ്. യൂട്രസിനുള്ളില്‍ രൂപപ്പെട്ട 10 സെന്റിമീറ്റര്‍ വലിപ്പത്തിലുള്ള മുഴയാണ് ഇപ്പോള്‍ ഇന്ദുലേഖയുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുന്നത്. ഇതുവരെയുള്ള ചികിത്സകളൊക്കെത്തന്നെയും ഹൈറിസ്‌ക്കിലായിരുന്നത് കൊണ്ട് തന്നെ മുഴ സര്‍ജറി ചെയ്ത് നീക്കം ചെയ്യുന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് വരെ ആശങ്കയുമാണ്.

അത്രയ്ക്കും അതിസങ്കീര്‍ണ്ണമായ അവസ്ഥയായതിനാല്‍ തന്നെ കൊല്ലം മെഡിക്കല്‍ കോളേജ് പാരിപ്പള്ളി, കൊട്ടാരക്കര മുരളീസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നെല്ലാം മടക്കി അയച്ച ഇന്ദുലേഖ ഇപ്പോള്‍ കൊച്ചി അമൃതയിലാണ് തുടര്‍ ചികിത്സ നടത്തുന്നത്. എട്ട് സര്‍ജറികള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ദുലേഖയുടെ രണ്ടുകാലുകളും മുറിച്ചുമാറ്റേണ്ടി വന്നത്. ഇതുവരെയുള്ള ചികിത്സക്ക് തന്നെ എണ്‍പത്തഞ്ചു ലക്ഷത്തോളം രൂപയാണ് ചെലവായത്. വീടും സ്ഥലവും പണയം വെച്ചും ഉള്ളതൊക്കെ വിറ്റുപെറുക്കിയും സുമനസ്സുകളുടെ സഹായം കൊണ്ടുമാണ് ഇത്രയും തുക അടച്ചുതീര്‍ത്തത്. ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ഇന്ദുലേഖയുടെ കുടുംബം ജീവിക്കുന്നത് തന്നെ കൂലിപ്പണി ചെയ്താണ്.

കൃത്രിമ കാലുകള്‍ വെച്ചുപിടിപ്പിക്കുന്നതുള്‍പ്പെടെ തുടര്‍ചികിത്സയ്ക്ക് ഇനിയും ലക്ഷങ്ങള്‍ വേണ്ടിവരും. ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നിരവധി ചാരിറ്റി പ്രവര്‍ത്തകരെ ഒട്ടനവധി ബന്ധപ്പെട്ടെങ്കിലും സഹായിക്കാന്‍ ആരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. അല്‍പ്പമെങ്കിലും കനിവ് കാണിച്ചത് മലയാള മനോരമ പത്രം മാത്രമാണ്. അതിലാണെങ്കില്‍ അക്കൗണ്ട് നമ്പര്‍ തെറ്റായി വന്നതിനാല്‍ അര്‍ഹതപ്പെട്ട സഹായങ്ങള്‍ ലഭിച്ചതുമില്ല.

ചാത്തന്നൂര്‍ എസ്.എന്‍ ട്രസ്റ്റ് സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന മകളും രാഘവാനന്ദ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മകനും കൂലിപ്പണി ചെയ്യുന്ന ഭര്‍ത്താവ് സജീവും അടങ്ങുന്ന ഇന്ദുലേഖയുടെ കുടുംബം പൈസയൊന്നുമില്ലാത്തതിനാല്‍ തുടര്‍ചികിത്സ മുടങ്ങുമോയെന്ന ഭയത്തിലാണ്. മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ, നമ്മുടെയൊക്കെ കനിവ് കാത്ത് നില്‍ക്കുകയാണ് ഇന്ദുലേഖയും അവരുടെ ദുരിതങ്ങളും. സഹായിക്കേണ്ടവരും കൂടെനില്‍ക്കേണ്ടവരും ഉപേക്ഷിച്ച ഈ കുടുംബത്തെ ദുരിതങ്ങളില്‍ നിന്ന് കരകയറ്റേണ്ടത് നമ്മളോരോരുത്തരുമാണ്.

ഇന്ദുലേഖ. കെ.
പുതുവല്‍
കുന്നും പുറം.
പുത്തന്‍കുളം പി. ഓ.
കൊല്ലം 691302.
ഫോണ്‍ 9562953490