വാറ്റുചാരായത്തിനായി കൂട്ടയടി: ക്രിയേറ്റിവ് ഐഡിയക്ക് പണി വാങ്ങി യുവാക്കൾ

Keralam News

വയനാട്: സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച വീഡിയോയിലൂടെ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. വാറ്റുചാരായത്തിനായി കൂട്ടയടി എന്ന പേരിലായിരുന്നു വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലിട്ടത്. ഇതിൽ പുൽപള്ളി സ്വദേശികളായ എട്ട് യുവാക്കൾക്കെതിരെ കേസെടുത്തു. ലോക്ക്ഡൗൺ ലംഘിച്ചതിനാണ് കേസ്.

സമൂഹമാധ്യമത്തിൽ വീഡിയോ വൈറൽ ആയതിലൂടെയാണ് കാര്യം അധികൃതരിലേക്കെത്തുന്നത്. പിന്നീട് യുവാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോയിൽ കാണുന്നത് ഒരു പറ്റം യുവാക്കൾ വ്യാജവാറ്റ് കേന്ദ്രത്തിലേക്ക് പോയി മദ്യം ആവശ്യപ്പെടുന്നതും കിട്ടാതെ വരുന്നതിലൂടെ ഉണ്ടാവുന്ന തർക്കവും അത് ചെന്ന് കൂട്ടത്തല്ലിൽ കലാശിക്കുന്നതുമാണ്.

എന്നാൽ അതിലെ സത്യാവസ്ഥ പുറത്ത് വരുന്നത് പിന്നീടാണ്. യഥാർത്ഥമാണെന്ന് കരുതി ആളുകൾ ഷെയർ ചെയ്ത വീഡിയോ ക്രിയേറ്റിവ് ഐഡിയക്ക് വേണ്ടി ചെയ്തതാണെന്ന് യുവാക്കൾ പറഞ്ഞു. മാത്രമല്ല ഇതിലൂടെ വാറ്റുചാരായത്തെയോ അക്രമത്തെയോ പ്രജോദിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നു യുവാക്കൾ പറഞ്ഞു.