ഇന്ത്യയിലേയ്ക്ക് ചേക്കേറാൻ കാത്തിരിക്കുന്ന വിദേശിയരിൽ എഴുപത് ശതമാനവും പാകിസ്ഥാൻ കാർ

India News

ഡൽഹി : ഇന്ത്യന്‍ പൗരത്വം തേടുന്ന വിദേശീയരുടെ എണ്ണം ഗണ്യമായി കുറയുകയാണ്. 2016-ല്‍ 1106 വിദേശികള്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചപ്പോള്‍, 2020-ല്‍ അത് 639 ആയി കുറഞ്ഞു. അതേസമയം, ഇന്ത്യയിലേയ്ക്ക് ചേക്കേറാന്‍ കാത്തിരിക്കുന്ന വിദേശീയരില്‍ എഴുപത് ശതമാനവും പാകിസ്ഥാനികളാണ് . കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, 7306 പാകിസ്ഥാന്‍ പൗരന്മാരാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ആകെ മൊത്തം 10635 വിദേശീയരാണ് അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ നൽകിയ റിപ്പോർട്ടാണിത് .

പാകിസ്ഥാനികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പൗരത്വത്തിനായുള്ള കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. ഇന്ത്യന്‍ പൗരത്വത്തിനായിട്ടാണ് 1,152 അഫ്കാനികൾ അപേക്ഷ നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ, പൗരത്വത്തിനായി ശ്രീലങ്കയില്‍ നിന്ന് 223 -ഉം, യുഎസ്എയില്‍ നിന്ന് 223 -ഉം, നേപ്പാളില്‍ നിന്ന് 189 -ഉം, ബംഗ്ലാദേശില്‍ നിന്ന് 161 -ഉം, ചൈനയില്‍ നിന്ന് പത്തും അപേക്ഷകള്‍ ലഭിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കേന്ദ്രത്തിന് മൊത്തം 8,244 അപേക്ഷകള്‍ ലഭിച്ചിരുന്നു. അതില്‍ 3,117 പേര്‍ക്ക് കേന്ദ്രം ഇതുവരെ പൗരത്വം നൽകിയിട്ടുള്ളത്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് തങ്ങളുടെ പൗരത്വം ഉപേക്ഷിയ്ക്കുന്നത് . മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരാണ് കൂടുതലും പൗരത്വം ഉപേക്ഷിച്ചത്. 2017 മുതല്‍ ഓരോ വര്‍ഷവും പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണവും പട്ടികപ്പെടുത്തിയിട്ടുണ്ട്. 2017-ല്‍ 1,33,049 ഇന്ത്യക്കാരും 2018-ല്‍ 1,34,561 പേരും, 2019ല്‍ 1,44,017 പേരും, 2020-ല്‍ 85,248 പേരും, 2021 സെപ്റ്റംബര്‍ 30 വരെ 1,11,287 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ അവരുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 2019-ലാണെന്ന് കണക്കുകളില്‍ കാണാം, അതേസമയം ഏറ്റവും കുറവ് 2020-ലാണ്. 2020ലെ കുറഞ്ഞ നിരക്ക് കൊവിഡ് – 19 മഹാമാരി കരണമൂലമാണ് . ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങളും ബാഹ്യ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ തുടങ്ങിയതോടെ 2021-ല്‍ പൗരത്വം ഉപേക്ഷിക്കുന്നതില്‍ വലിയ വര്‍ദ്ധനവാണ് കാണപ്പെട്ടത് .