മകനെ കത്തി കൊണ്ട് വെട്ടിയ പിതാവിന് രണ്ട് വര്‍ഷം കഠിന തടവും പിഴയും

News

മഞ്ചേരി : മകനെ കത്തി കൊണ്ട് വെട്ടിയ പിതാവിന് രണ്ട് വര്‍ഷം കഠിന തടവും പിഴയും.പതിനേഴുകാരനായ മകനെ കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച പിതാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) രണ്ട് വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവാലി പുന്നപ്പാല കുന്നുമ്മല്‍ സുരേഷ് (50)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസത്തെ അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു. 2022 ജനുവരി 18നാണ് കേസിന്നാസ്പദമായ സംഭവം. മദ്യപിച്ചെത്തി മാതാവുമായി വഴക്കിടുന്ന പിതാവിനെ അനുനയിക്കാനെത്തിയതായിരുന്നു മകന്‍. മകന്റെ പ്രവൃത്തിയില്‍ അതൃപ്തി തോന്നിയ പിതാവ് കത്തിയെടുത്ത് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വണ്ടൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി രവിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി വാസു 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 13 രേഖകളും ഒരു തൊണ്ടി മുതലും ഹാജരാക്കി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സബിത ഓളക്കലായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍. ജാമ്യത്തിലെടുക്കാന്‍ ആളില്ലാത്തതിനാല്‍ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.