ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ പ്രതിജ്ഞാബദ്ധം മുസ്ലിം ലീഗ്

Keralam Local News Politics

മലപ്പുറം: നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ ശക്തമായി കർമ്മരംഗത്തിറങ്ങുമെന്ന് മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി യോഗം പ്രഖ്യാപിച്ചു.മരണാസന്നമായ ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കാനുളള അവസാനത്തെ അവസരമാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പെന്ന് യോഗം വിലയിരുത്തി. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മൊയ്തീൻ യോഗം ഉദ്ഘാടനം ചെയ്തു .പി എ സി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു .ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം ആശംസിച്ചു.മുസ്ലിം ലീഗ് ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായുള്ള സംസ്ഥാന കമ്മിറ്റി രൂപീകരണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ഓൺലൈൻ ആപ്പ് മുഖേന നടത്തിയ മെമ്പർഷിപ്പ് പ്രവർത്തനം വിജയകരമായെന്ന് യോഗം വിലയിരുത്തി.

മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റര്‍ ഏറെ വൈകാതെ പ്രവര്‍ത്തന സജ്ജമാക്കും. രജിസ്ട്രഷന്‍ സംബന്ധിച്ച നടപടികള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കണ്‍വീനറായ എം.പിമാരും ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകരും പ്രഫഷണലുകളും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നമുറക്ക് സോഫ്റ്റ് ലോഞ്ചിങ് നടക്കും. അടുത്ത ദേശീയ കമ്മിറ്റി യോഗം ഖാഇദെമില്ലത്ത് സെന്ററില്‍ തന്നെ ചേരുന്ന രീതിയിലാണ് ആലോചിക്കുന്നത്. തിയതി ഉടന്‍ പ്രഖ്യാപിക്കും. സൗന്ദര്യവത്കരണം ഉള്‍പ്പെടെ മുഴുവന്‍ പ്രവൃത്തികളും കഴിഞ്ഞതിന് ശേഷം സമ്പൂര്‍ണ ഉദ്ഘാടനം പ്രഖ്യാപിക്കും.

പാർലമെൻ്റ് തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പൂർണ സജ്ജമാണെന്ന് യോഗം വിലയിരുത്തി. കേരളത്തിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി.തമിഴ് നാട്ടിലെ പാർട്ടി സ്ഥാനാർത്ഥിയെ സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മൊയ്തീൻ പ്രഖ്യാപിക്കും.കേരളത്തിലും തമിഴ് നാടിനും പുറമേ ചില മണ്ഡലങ്ങളിൽ മത്സരിക്കാനും പാർട്ടി ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യം ഇന്ത്യ മുന്നണിയിൽ ഉന്നയിച്ച ശേഷം അന്തിമമായി തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു.കേരളത്തിൽ മുസ്ലിം ലീഗ് എത്ര സീറ്റിൽ മത്സരിക്കുമെന്ന് യു ഡി എഫ് ചർച്ച ചെയ്ത് പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെ ബി ജെ പി പരിപാടിയാക്കുന്നതിനെ യോഗം അപലപിച്ചു. വിശ്വാസത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന ബി ജെ പി തന്ത്രത്തെ മതേതര പാർട്ടികൾ ഒരുമിച്ചെതിർക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൻ്റെ മറവിൽ മതവിശ്വാസത്തെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന ബി ജെ പി, ആർ എസ് എസ് നിലപാടിനെ തുറന്ന് കാണിച്ച കോൺഗ്രസ് നിലപാടിനെ യോഗം സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കായി സജജരാകാൻ രാജ്യത്തെമ്പാടുമുള്ള പ്രവർത്തകരോട് പി എ സി ആഹ്വാനം ചെയ്‌തു.മുസ്ലിം ലീഗ് ദേശീയ ഓർഗ: സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി , ദേശീയ ട്രഷറർ പി വി അബ്ദുൽ വഹാബ് , ദേശീയ സീനിയർ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി ,ദേശീയ വൈസ് പ്രസിഡന്റ് ദസ്തഗീർ ആഗ ,ദേശീയ സെക്രട്ടറിമാരായ ഖുംറം അനീസ് ഉമർ,സിറാജ് ഇബ്രാഹിം സേട്ട് ,കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം, കേരള അസ്സംബ്ലി പാർട്ടി സെക്രെട്ടറി കെ പി എ മജീദ് , തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറികെ .എം.അബൂബക്കർ ,ദേശീയ സെക്രട്ടറി സി.കെ.സുബൈർ, എം പി മുഹമ്മദ് കോയ , എം എസ് അലവി ,യൂത്ത് ലീഗ് ദേശീയപ്രസിഡണ്ട് ആസിഫ് അൻസാരി , ജനറൽ സെക്രട്ടറി, അഡ്വ.ഫൈസൽ ബാബു, ഓർ.സെക്രട്ടറി ടി.പി.അഷ്റഫലി, എം എസ് എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് ഷാജു, എം എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി എസ്‌ എച്ച് അർഷദ് , ഖാഇദെ മില്ലത്ത് പ്രൊജക്റ്റ് കോഡിനേറ്റർ പി.എം.എ സമീർ എന്നിവർ സംസാരിച്ച.