തൊണ്ടിമുതലായ വാഹനങ്ങൾ ലേലത്തിൽ വെച്ചു; മലപ്പുറത്തിന് കിട്ടിയത് 5.14 കോടി

Keralam Local News

മലപ്പുറം: വിവിധ സ്റ്റേഷനുകളിൽ തൊണ്ടിമുതലായി പിടിച്ചിട്ട വാഹനങ്ങൾ ലേലത്തിൽ വെച്ച് വൻ വരുമാനം നേടി മലപ്പുറം ജില്ല. നാല് ജില്ലകളിൽ നടന്ന വാഹന ലേലത്തിൽ 5.14 കോടി രൂപ നേടിയാണ് റെക്കോർഡ് വരുമാനവുമായി മലപ്പുറം ഒന്നാമതെത്തിയത്.

ഇപ്പോൾ ലഭിച്ച 5.14 കോടി രൂപയുടെ കൂടെ 18 ശതമാനം നികുതി വരുമ്പോൾ ഏകദേശം ആറുകോടതിയിലധികം വരുമാനമാകും. ആക്രിവില അടിസ്ഥാനമാക്കി നടന്ന ലേലത്തിൽ തൃശൂരിന് 67 ലക്ഷവും ആലപ്പുഴയ്ക്ക് 47 ലക്ഷം രൂപയും ലഭിച്ചു. പത്ത് ലക്ഷത്തിനും താഴെ ലഭിച്ച കാസര്കോഡിനാണ് ഏറ്റവും കുറവ് തുക കിട്ടിയത്.

മലപ്പുറത്ത് ഇപ്പോൾ ലേലം ചെയ്തതിനും കൂടുതൽ വാഹനങ്ങൾ പല സ്റ്റേഷനുകളിലായി ഇനിയുമുണ്ട്. മറ്റു ജില്ലകളേക്കാൾ കൂടുതൽ മണൽകടത്ത് പിടിക്കുന്നതിനാലാണ് മലപ്പുറത്ത് വാഹനങ്ങൾ ഇത്ര കൂടുന്നത്. ടിപ്പർ അടക്കമുള്ള ഇത്തരം മണൽകടത്ത് വാഹനമാണ് ഇനി ലേലം ചെയ്യാനുള്ളതും. കുറ്റകൃത്യങ്ങളിൽ പിഴ ഈടാക്കിയാൽ കിട്ടുന്നതിനും കൂടുതൽ തുക ലേലത്തിലൂടെ ലഭിച്ചിട്ടുണ്ട്. മഞ്ചേരി ആസ്ഥാനമായുള്ള റൈജന്‍ ഓറിയോണ്‍ എന്ന കമ്പിനിയാണ് മൂന്നു ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ ലേലത്തിൽ പിടിച്ചത്. മലപ്പുറത്ത് ഇനിയുള്ള വാഹനങ്ങൾ കൂടെ ലേലം ചെയ്‌താൽ 10 കൊടിയിലുമധികം തുക ലഭിച്ചേക്കാമെന്ന് കമ്പിനിയുടെ എംപി പറഞ്ഞിട്ടുണ്ട്.

ഈ നാല് ജില്ലകൾക്ക് പുറമെ മറ്റു ജില്ലയിൽ കൂടെ ലേലത്തിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നതും അബ്കാരി കേസിൽ പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങളും ലേലം ചെയ്തിട്ടില്ല.