ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

Keralam News

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. മരണകാരണം ഹൃദയാഘാതമാണ്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന ഇദ്ദേഹം ന്യൂമോണിയ ബാധിതൻ കൂടിയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത് പള്ളിയിൽ വെച്ച്. ഭാര്യ- ആമിന, മക്കൾ – തുഷാര, പ്രസൂന.

1200 പാട്ടുകൾ മുന്നൂറിലധികം ചിത്രങ്ങളിലേക്കായി രചിച്ചു. മലയാളി മനസ്സിൽ എന്നും താങ്ങി നിൽക്കുന്ന ഒരുപിടി ഗാനങ്ങളുടെ ഉപജ്ഞാതാവ് ഇദ്ദേഹം. താളവട്ടം, ദശരഥം, അയ്യപ്പനും വാവരും,തമ്മിൽ തമ്മിൽ എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളിലെ ഗാനങ്ങൾ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
പത്മരാജൻ, ഭരതൻ, ഐവി ശശി എന്നിങ്ങനെയുള്ള പ്രമുഖർക്കൊപ്പം എഴുപത് എൺപത് കാലഘട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങി.

തിരുവനന്തപുരം കാട്ടാക്കടയ്ക്കടുത്ത് അബൂക്കർ പിള്ളയുടെയും റാബിയാത്തുൽ അദബിയ ബീവിയുടെയും മകനായി ജനനം. സ്കൂൾ പഠനത്തിന് ശേഷം തൃശ്ശൂർ വലപ്പാട് പോളിടെക്‌നിക്കിൽ നിന്നും എഞ്ചിനീയറിംഗ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീറിങ് കോളേജിൽ നിന്നും എഎംഐഇയും കരസ്ഥമാക്കി. 1972 -ൽ ഗാനരചനയിലേക്കും കടന്നു. പിന്നീടാങ്ങോട്ട് ശ്രദ്ധേയമായ ഒരുപാട് ചിത്രങ്ങൾക്ക് ഗാനങ്ങൾ ചെയ്തു.