വൈറലായി തേനീച്ച മനുഷ്യൻ; ഒരു കുത്തുപോലും കിട്ടാത്തതിന് പിന്നിലൊരു വിദ്യ

Entertainment International News

റുവാണ്ട: ശരീരമാസകലം തേനീച്ചകൾ കൊണ്ട് പൊതിഞ്ഞ യുവാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഈയടുത്ത് വൈറലായിരുന്നു. ആഫ്രിക്കയിലെ റുവാണ്ട സ്വദേശി ഇണ്ടായി സാബയായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. മുപ്പതു വർഷത്തിലധികമായി തേനീച്ച വളർത്തൽ ഉപജീവന മാർഗമാക്കിയ സാബയെ ഇതുവരെ ഒരു തേനീച്ച പോലും കുത്തിയിട്ടില്ലെന്നതാണ് ആശ്ചര്യം.

തേനീച്ചകളുടെ രാജാവെന്ന് സ്വയം വിളിക്കുന്ന സാബയുടെ ശരീരത്തിൽ പതിനായിരത്തോളം തേനീച്ചകൾ വന്നിരുന്നാലും അയാൾക്ക് ഒരിക്കലും ഭയം തോന്നിയിട്ടില്ല. ഒരു പെൺതേനീച്ചയെ ശരീരത്തിൽ വെച്ചാണ് നൂറോളം തേനീച്ചകളെ തന്റെ ശരീരത്തിലേക്ക് കൊണ്ടുവരുന്നതെന്നാണ് ഇയാൾ പറയുന്നത്. ഒരു നൂലിൽ കെട്ടി പെൺതേനീച്ചയെ ഇയാളുടെ അരഭാഗത്ത് വെച്ചാൽ നിരവധി ആൺ തേനീച്ചകൾ അവിടേക്ക് ആകർഷിച്ചെത്തും.

സാബയുടെ പുതിയ വിദ്യ പഠിക്കാൻ നിരവധിയാളുകൾ ഇപ്പോൾ അദ്ദേഹത്തെ സമീപിക്കാറുണ്ട്. പെൺ തേനീച്ചയെ സംരക്ഷിക്കാനെത്തുന്ന ആൺ തേനീച്ചകളായതിനാൽ ഇവർ ഒരിക്കലും കുത്തില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു തേനീച്ചയെ വരെ പേടിയുള്ള സാധാരണ ആളുകൾ ഇത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്.