വളർത്തുമൃഗങ്ങൾ മരണപ്പെട്ടാൽ ദുഃഖാചരണത്തിനായി രണ്ട്‌ ദിവസം ശമ്പളത്തോടെയുള്ള അവധി ;പുതിയ നിയമം വരുന്നത് കൊളംബിയയിൽ

Feature International News

നമ്മുടെ വളർത്തുമൃഗം മരിച്ചാൽ ദുഃഖാചരണത്തിന്റെ ഭാഗമായി രണ്ട്‌ ദിവസത്തെ അവധി മേലാധികാരികളിൽ നിന്ന് ലഭിച്ചാൽ എങ്ങനെയിരിക്കും.ഈ അവധി ശമ്പളത്തോടു കൂടിയാണെങ്കിലോ. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ അതേയെന്നാണ് ഉത്തരം. കൊളംബിയയിലാണ് വളര്‍ത്തുമൃഗങ്ങള്‍ മരിച്ചാല്‍ ദുഃഖാചരണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് രണ്ട് ദിവസത്തെ ശമ്ബളത്തോടുകൂടിയ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം വരുന്നത്.

ലിബറല്‍ പാര്‍ട്ടി കോണ്‍ഗ്രസുകാരനായ അലസാന്‍ഡ്രോ കാര്‍ലോസ് ചാക്കോനാണ് പുതിയ ബില്ല് കൊണ്ടുവന്നത്. കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ ബില്ല് പാസ്സാവുകയുള്ളൂ. ഈ ബില്ല് പ്രകാരം വളര്‍ത്തുമൃഗം മരണപ്പെട്ടാല്‍ ജീവനക്കാരന് രണ്ട് ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കാന്‍ തൊഴിലുടമകൾ നിര്‍ബന്ധിതരാവും.

മനുഷ്യർക്കിടയിൽ മാത്രമല്ല ആഴത്തിലുള്ള ബന്ധങ്ങൾ നിലനിൽക്കുന്നതെന്നാണ് ചാക്കോനെയുടെ അഭിപ്രായം. പ്രത്യേകിച്ചും കുട്ടികളില്ലാത്ത ആളുകളൊക്കെ സ്വന്തം മക്കളെപ്പോലെയാണ് സ്നേഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വളർത്തുമൃഗങ്ങൾ മരിക്കുന്ന സന്ദര്‍ഭത്തില്‍ പലര്‍ക്കും ആ ദുഃഖം താങ്ങാന്‍ കഴിയാറില്ല. ആ സമയം ശമ്പളത്തോടെ അവധി നല്‍കിയാല്‍ ആളുകള്‍ക്ക് ജോലിഭാരമില്ലാതെ വീട്ടിലിരുന്ന് ആ നഷ്ടത്തെ മറികടക്കാനുള്ള സന്ദര്‍ഭം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പ്രിയപ്പെട്ട മൃഗങ്ങളുടെ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്ന വീട്ടുകാർക്ക് ഇത് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കൊളംബിയയിൽ ഈ നിയമം തീർത്തും പ്രസക്തമാണ്. അവിടെ പത്തിൽ ആറു വീടുകളിലും വളർത്തുമൃഗമുണ്ട് എന്നത് തന്നെയാണ് കാരണം. ഏതൊക്കെ മൃഗങ്ങളെയാണ് വളർത്തുമൃഗങ്ങളായി കണക്കാക്കുക എന്നതിനെ കുറിച്ച് ചാക്കോനെയുടെ ബില്ലിൽ പരാമര്ശങ്ങളില്ല. ഉടമയ്ക്ക് ശക്തമായ വൈകാരിക ബന്ധമുള്ള ഏത് മൃഗത്തെയും വളര്‍ത്തുമൃഗമായിട്ടാണ് ബില്ല് വിശേഷിപ്പിക്കുന്നത്.

ഈ നിയമം അസാധാരണ വളര്‍ത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും കാര്യത്തിൽ ബാധകമല്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വളർത്തുമൃഗമുണ്ടെന്ന കാര്യം തൊഴിലുടമയുടെ നേരത്തെ പറഞ്ഞിരിക്കണമെന്നും മരണപ്പെടുമ്പോൾ അതിന്റെ തെളിവ് നൽകണമെന്നും ബില്ല് പ്രത്യേകം നിഷ്കർഷിക്കുന്നു.

തൊഴിലാളികൾ പുതിയ നിയമം ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക പൊതുവിലുണ്ട്. ഇല്ലാത്ത വളർത്തുമൃഗത്തിന്റെ പേരിൽ ജീവനക്കാർ അവധിയെടുക്കാനുള്ള സാധ്യതയും മുന്നിൽ കാണുന്നു. എന്നാല്‍ അത്തരം ദുരുപയോഗങ്ങൾ കണ്ടെത്തിയാല്‍ ഒരു നിശ്ചിത തുക പിഴ ചുമത്തിക്കൊണ്ട് ഇത് നിരുത്സാഹപ്പെടുത്താനാണ് ബില്ല് ലക്ഷ്യമിടുന്നത്.