അസമിലെ പോലീസ് വെടിവെപ്പ്; വെടിയേറ്റ് കിടക്കുന്നയാളെ ഫോട്ടോഗ്രാഫർ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമാവുന്നു

Crime India News

ഗുവാഹത്തി: അസമിലെ മംഗള്‍ദായിയില്‍ ഉണ്ടായ പോലീസ് വെടിവെപ്പിൽ ഫോട്ടോഗ്രാഫർ പോലീസുകാരോടൊപ്പം വെടിയേറ്റ് വീണ മനുഷ്യന്റെ നെഞ്ചിൽ ചവിട്ടുന്നതിന്റെയും തല്ലുന്നതിന്റെയും ദൃശ്യങ്ങൾ വിവാദമാവുന്നു. മരങ്ങളുടെ പിറകിൽ നിന്നും വെടിവെച്ച പോലീസുകാർക്ക് മുന്നിലേക്ക് ലുങ്കിയിട്ട ഒരാൾ ഓടി വരുന്നതും, പോലീസുകാർ അയാളെ വെടിവെച്ച ശേഷം വളഞ്ഞിട്ട് മർദിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

ഫോട്ടോഗ്രാഫറായ ബിജയശങ്കര്‍ ബനിയ ഇതിനു നടുവിലേക്ക് ഓടിയെത്തി നിലത്തു കിടക്കുന്ന ആളെ ചവിട്ടുകയും മർദിക്കുകയുമായിരുന്നു. ഇത് കണ്ടിട്ടും ആദ്യം പോലീസുകാർ പ്രതികരിക്കാത്തതും പിന്നീട് പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.അസമിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനായി ജില്ലാ ഭരണാധികാരികള്‍ ഏർപ്പാടാക്കിയ ഫോട്ടോഗ്രാഫർ ആയിരുന്ന ബിജയശങ്കറിന്റെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആസ്സാമിലുണ്ടായ പോലീസ് വെടിവെപ്പിൽ സദ്ദാം ഹുസൈന്‍, ഷെയ്ഖ് ഫോരിദ് എന്നീ രണ്ടു പേര് കൊല്ലപ്പെടുകയും, ഇരുപതു പേർക്കോളാം പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പത്തു പോലീസുകാർക്കും വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. സർക്കാർ ഭൂമി വെട്ടിപിടിച്ചെടുത്തവരെ പോലീസ് ഒഴിപ്പിച്ചെന്നാണ് സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ സ്റ്റേറ്റ് സ്‌പോണ്‍സേഡ് വെടിവെപ്പാണിതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി സർക്കാർ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.