മോഡലിന്റെ മുടി മുറിച്ചു വൃത്തികേടാക്കി; ഹോട്ടലിന് രണ്ട് കോടി നഷ്ടപരിഹാരം വിധിച്ച് കോടതി

India Life Style News

ദില്ലി: മുടി മോശമായ രീതിയിൽ മുറിച്ചത് മൂലം മോഡലിന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് മുടി മുറിച്ച ഹോട്ടല്‍ ശൃംഖലക്ക് ദേശീയ ഉപഭോക്തൃ റീഡ്രസല്‍ കമ്മീഷന്‍ വിധിച്ചത് രണ്ട് കോടി രൂപ പിഴ. ഈ തുക മോഡലിന് നൽകാനാണ് കമ്മീഷന്റെ ഉത്തരവ്. അവസരങ്ങൾ നഷ്ടമായയത് മൂലം സാമ്പത്തികമായും നഷ്ടങ്ങൾ ഉണ്ടായെന്നും വലിയ മോഡലാവണമെന്ന ആഗ്രഹം ഇല്ലാതാക്കിയെന്നും ആര്‍ കെ അഗര്‍വാള്‍, ഡോ. എസ്എം കാന്തികര്‍ തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്ത്രീകൾ തങ്ങളുടെ വൈകാരിക പ്രശ്നം കൂടിയായ മുടിയുടെ കാര്യത്തിൽ വലിയ ശ്രദ്ധ നൽകുന്നവരും, നിരവധി പണം ഇതിനായി ചിലവാക്കുന്നവരുമാണ്. യുവതിക്ക് വളരെ നീണ്ട മുടി ഉള്ളതിനാൽ അവർ ഹെയര്‍ പ്രൊഡക്ടുകളുടെ മോഡലായിരുന്നു. എന്നാൽ യുവതിയുടെ ഇഷ്ടാനുസരണം മുടി മുറിക്കാത്തത് മൂലം അവർക്ക് ജോലി നഷ്ട്ടപെടുകയും, മാനസികമായി തളർത്തുകയും ചെയ്‌തെന്നും വിധി പറയുന്നതിനിടെ കോടതി വിശദീകരിച്ചു.

2018 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഹോട്ടലിലെ സലോണില്‍ യുവതി എത്തുകയും തന്റെ താല്പര്യത്തിനനുസരിച്ച് മുടി മുറിക്കുവാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇതിനു വൈദഗ്ധ്യമുള്ള ബ്യൂട്ടീഷന്‍ അവിടെ ഇല്ലാതിരുന്നു. തുടർന്ന് പോകാനൊരുങ്ങിയ യുവതി മാനേജർ നൽകിയ ഉറപ്പിൽ വേറൊരു ബ്യൂട്ടീഷനെ കൊണ്ട് മുടി മുറിപ്പിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി പരാതി നൽകിയെങ്കിലും ഹോട്ടല്‍ യാത്രയ നടപടിയും ഹെയര്‍ഡ്രസര്‍ക്കെതിരെ എടുത്തില്ല. വിഷയത്തിൽ നഷ്ടപരിഹാരം നൽകാനും പരസ്യമായി മാപ്പു പറയാനും ആവശ്യപ്പെട്ടപ്പോൾ കോടതിയിൽ പരാതി പറയാനായിരുന്നു മാനേജറുടെ മറുപടി. ഇതിനെ തുടർന്നാണ് യുവതി ഹോട്ടലിനെതിരെ നിയമപരമായി പരാതി കൊടുത്തത്.