അതിവ്യാപനശേഷിയുള്ള സി.1.2 വകഭേദം; മുൻകരുതലുകൾ എടുത്ത് കേരളം

Health International Keralam News

കൊറോണ വൈറസിന്റെ ഏറ്റവും അപകടം പിടിച്ച പുതിയ വകഭേദമായ സി.1.2 എട്ടു രാജ്യങ്ങളിൽ സ്ഥിതീകരിച്ചതിനെ തുടർന്ന് മുന്‍കരുതലെടുത്ത് കേരളവും. സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ഇതിന്റെ ഭാഗമായി പ്രത്യേക പരിശോധന ഏർപ്പെടുത്തും. വകഭേദം ഉണ്ടെന്ന് സ്ഥിതീകരിച്ച എട്ട് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്നവരെയും പ്രത്യേകമായി നിരീക്ഷിക്കും. ഇതോടൊപ്പം അറുപതു വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ വിതരണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ അവലോകന യോഗത്തിലാണ് ഈ കാര്യങ്ങൾ തീരുമാനിച്ചത്.

വ്യാപന ശേഷി വളരെയധികം കൂടുതലുള്ള സി.1.2 കൊറോണ വൈറസിന്റെ വകഭേദം കഴിഞ്ഞ മെയിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. ഇതിനു ശേഷം ന്യുസിലാൻഡ്, പോർച്ചുഗൽ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളിൽ കൂടെ തിരിച്ചറിഞ്ഞു. നിലവിൽ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും അധികം ജനിതകമായി വ്യതിയാനം സംഭവിച്ച വകഭേദമാണിത്.

ഇനി വരുന്ന ദിവസങ്ങളിൽ ഈ വൈറസ് വകഭേദത്തിന് വീണ്ടും മാറ്റങ്ങൾ സംഭവിക്കാം. അങ്ങനെയാണെങ്കിൽ വാക്സിൻ വഴി ഒരാൾക്ക് ലഭിക്കുന്ന പ്രതിരോധശേഷിയെ മുഴുവനും ഇല്ലാതാക്കാൻ വൈറസിന് കഴിഞ്ഞേക്കും. അതുകൊണ്ട് തന്നെ ഈ വകഭേദത്തെ കുറിച്ച് ഇനിയും ഗവേഷണങ്ങൾ നടത്തണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.