പോക്സോ കേസിൽ യുവാവിനെ തെറ്റായി പ്രതിയാക്കി; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Crime Keralam News

മലപ്പുറം: തെറ്റായ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ കേസിൽ പ്രതിയാക്കി 35 ദിവസം യുവാവിനെ ജയിലിലടച്ച വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജു നാഥ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചു. സംഭവം അന്വേഷിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയായിരുന്നു. യുവാവിനെ ജയിലിലാക്കേണ്ടി വന്ന സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്.

പത്രത്തിൽ വന്ന വാർത്തയെ അടിസ്ഥാനമാക്കി മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ അറസ്റ്റിലായ യുവാവിന്റെ ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരൂർ സബ് ജയിലിൽ 35 ദിവസമാണ് യുവാവ് കഴിഞ്ഞത്.

സ്കൂൾ വിട്ട് വരുകയായിരുന്ന പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കൽപ്പകഞ്ചേരി പോലീസ് കേസെടുത്ത് തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ അറസ്റ് ചെയ്യുകയായിരുന്നു. ഇതിനു ശേഷം തിരൂരങ്ങാടി പോലീസ് കേസിൽ അന്വേഷണവും നടത്തിയിരുന്നു. യുവാവിന്റെ ആവശ്യപ്രകാരമായിരുന്നു ഡിഎൻഎ ടെസ്റ്റ് ചെയ്തത്. ഇത് നെഗറ്റീവ് ആയതിനെ തുടർന്ന് കോടതി നിർദേശം അനുസരിച്ച് യുവാവിനെ ജയിലിൽ നിന്നും മോചിപ്പിക്കുകയായിരുന്നു.