ഫോൺ മോഷ്ടിച്ചെന്ന പേരിൽ പരസ്യ വിചാരണ; സംഭവം ഐജി അന്വേഷിക്കും

Crime Keralam News

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ അച്ഛനെയും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളെയും പരസ്യമായി വിചാരണ ചെയ്ത സംഭവം വിശദമായി അന്വേഷിക്കാൻ ദക്ഷിണമേഖല ഐ ജി ഹർഷിത അത്തല്ലൂരിയെ നിയോഗിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് അച്ഛനും മകളും ഇന്ന് പരാതി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഐജിയെ നിയോഗിച്ചത്. പുതിയ നടപടിയിൽ സന്തോഷമുണ്ടെന്ന് പരാതി കൊടുത്ത ജയചന്ദ്രൻ പറഞ്ഞു.

ഇല്ലാത്ത മോഷണത്തിന്റെ പേരിൽ വിചാരണ നടത്തിയ ആറ്റിങ്ങൽ പിങ്ക് പൊലീസിലെ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയായ സി പി രജിതയെ കൊല്ലം ജില്ലയിലേക്ക് സ്ഥലം മാറ്റുകയും പതിനഞ്ച് ദിവസത്തേക്ക് നല്ല നടപ്പിനും നടപടിയെടുത്തിരുന്നു. എന്നാൽ വെഞ്ഞാറമൂട് താമസിക്കുന്ന രാജിതയെ തൊട്ടടുത്തുള്ള കൊല്ലം ജില്ലയിലേക്ക് സ്ഥലം മാറ്റിയത് ശിക്ഷയായി കണക്കാക്കാനാവില്ലെന്ന് ആളുകൾ കുറ്റപ്പെടുത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി വലിയ വിമർശനങ്ങളാണ് നടപടിക്കെതിരെ ഉണ്ടായത്.