യുക്രൈന്റെ വിമാനം കാബൂൾ വെച്ച് തട്ടിയെടുത്തു

International News

ഒഴിപ്പിക്കൽ ആവശ്യങ്ങൾക്കായി കാബൂളിലേക്ക് കൊണ്ടുവന്ന യുക്രൈന്റെ വിമാനം തട്ടിക്കൊണ്ടു പോയി. യുക്രൈനും ഔദ്യോഗികമായി ഈ വിവരം സ്ഥിതീകരിച്ചിട്ടുണ്ട്. ഇതുമൂലം അഫ്ഗാനിസ്ഥാനിലുള്ളവരെ കാബൂള്‍ വിമാനത്താവളത്തിലൂടെ രക്ഷിക്കാനുള്ള പ്രവർത്തനം പ്രതിസന്ധിയിലാവുകയും ഇവിടെ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ താത്ക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തു. ഇറാനിലേക്കാണ് വിമാനം കടത്തിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഞായറാഴ്ച കാബൂൾ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന വിമാനം അജ്ഞാത സംഘം തട്ടിയെടുക്കുകയായിരുന്നുവെന്ന് യുക്രെയ്‌നിന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ രാജ്യത്തിൻറെ ഒരു സ്ഥലത്തും വിമാനം എത്തിയിട്ടില്ലെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് വിമാന സർവീസുകൾ നിർത്തിവെച്ചതെന്ന കാര്യത്തിൽ അമേരിക്കയുടെ പ്രതികരണം കൂടെ ലഭിക്കാനുണ്ട്. റഷ്യയിലെ മാധ്യമമാണ് ഇതിനെപ്പറ്റിയുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും തങ്ങളുടെ ദേശക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും സുരക്ഷിതമായി എത്തിക്കാൻ വേണ്ട നടപടികൾ എടുക്കുന്നതിനിടെയിലാണ് ഇത്തരത്തിലുള്ള പ്രതിസന്ധി ഉണ്ടായത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 16,000 ആളുകളെ കാബൂൾ വിമാനത്താവളത്തിൽ നിന്നും രക്ഷപ്പെടുത്തിയതായും ഈ മാസം 31 വരെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അമേരിക്ക തുടരുമെന്നും പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്.