ഇന്ത്യയുടെ റേഷന്‍ വിതരണ സമ്പ്രദായം പരിഷ്കരിക്കുന്നു

India News

ന്യൂഡല്‍ഹി: ഇന്ത്യയിലെ റേഷന്‍ വിതരണ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ പരിഷ്ക്കരിക്കാനൊരുങ്ങുന്നു. അര്ഹതയുള്ളവർക്ക് മാത്രം റേഷൻ നൽകുന്ന രീതിയിലേക്ക് മാറ്റുവാനാണ് കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം തീരുമാനിച്ചത്. ഇതിനായുള്ള കരട് രൂപം തയ്യാറായതിനാൽ അടുത്ത മാസം ഇതിന്റെ അന്തിമരൂപം നിലവിൽ വന്നേക്കും.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുസരിച്ച് 80 ശതമാനത്തോളം റേഷന്‍ കാര്‍ഡ് ഉടമകളും റേഷന്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നവരാണ്. പക്ഷെ ഇവരിൽ ഭൂരിഭാഗം പേരും സാമ്പത്തികമായി ജീവിതനിലവാരം ഉള്ളവരുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവർക്കും റേഷൻ വിതരണം ചെയ്യുന്നതിന് പകരം അര്ഹതയുള്ളവർക്ക് മാത്രം റേഷൻ നൽകാനുള്ള പരിഷ്ക്കരണം കേന്ദ്രം കൊണ്ടുവരുന്നത്.

പരിഷ്കരണം സംബന്ധിച്ച് കഴിഞ്ഞ ആറു മാസത്തോളമായി എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ സെക്രട്ടറി ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. ഈ ചർച്ചകളും സംസ്ഥാനത്തിന്റെ നിർദേശങ്ങളും കൂടെ പരിഗണിച്ചാണ് അന്തിമ രൂപമുണ്ടാക്കുക.

ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായുള്ള 32 സ്ഥലങ്ങളിൽ നടപ്പിലാക്കിയിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 69 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.