ബെവ്‌കോയുടെ പുതിയ നിർദ്ദേശം: കുടിവെള്ളത്തിനോടൊപ്പം അച്ചാറും സോഡയും കൂടിയായിക്കോട്ടെ എന്ന് ട്രോളന്മാർ

Keralam News

കൊച്ചി: ബെവ്കോയുടെ പുതിയ നിർദ്ദേശങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമത്തിലെ ട്രോളന്മാർ. കോവിഡ് കാലത്ത് മദ്യശാലകൾക്കു മുന്നിൽ വലിയ ആൾക്കൂട്ടങ്ങളായിരുന്നു. സാമൂഹിക അകലം പോലും പാലിക്കാതെയുള്ള ഈ ആൾകൂട്ടം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിനിടെയാണ് പുതിയ നിർദ്ദേശങ്ങളുമായി ബെവ്‌കോ മുന്നോട്ട് വന്നത്. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം നൽകണമെന്നും വട്ടം വരച്ച് അതിനുള്ളിൽ ആളുകളെ നിർത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മുതലായ ഒരുപാട് നിർദ്ദേശങ്ങളുമായാണ് ബെവ്‌കോ രംഗത്ത് വന്നത്.

ഈ നിർദ്ദേശങ്ങളെ പരിഹസിച്ച് കൊണ്ടാണ് സമൂഹ മാധ്യമത്തിലൂടെ ആളുകൾ അവരുടെ പ്രതികരണങ്ങൾ അറിയിച്ചത്. ഇത്തരം നിയന്ത്രണങ്ങളും കുടിവെള്ളവും സംരക്ഷണവുമൊക്കെ നൽകുന്ന മദ്യശാലയിലെ ആൾകൂട്ടം എന്ത് മാതൃകയാണ് ജനസമൂഹത്തിന് നൽകുന്നത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മാത്രമല്ല ഇത്തരം സൗകര്യങ്ങൾ ആശുപത്രി പരിസരങ്ങളിലും മറ്റ് അത്യാവശ്യ സ്ഥലങ്ങളിലുമല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബെവ്കോയുടെ പുതിയ നിർദ്ദേശങ്ങൾ കണ്ടപാടെ അത് ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാരും.

ഒരുപാട് ട്രോളുകളാണ് ഇതിനോടകം വന്നിട്ടുള്ളത്. അതിനു പുറമെ രസകരമായതും അല്ലാത്തതുമായ കമന്റുകളും. ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ‘കുറച്ച് ബദാമും അണ്ടിപ്പരിപ്പും വെള്ളവും അച്ചാറും കൂടി ഒരു പേക്കറ്റിൽ ആക്കി കൊടുക്കണം’ എന്നായിരുന്നു. മാത്രമല്ല വാക്‌സിൻ എടുക്കാൻ വരുന്നവർക്കും അത്യാവശ്യ ചികിത്സയ്ക്ക് വരുന്നവർക്കും എന്തുകൊണ്ട് ഇത്തരം സൗകര്യങ്ങളില്ല എന്നും ചില ചോദിക്കുന്നുണ്ട്.

എന്നാൽ ഈ നിർദ്ദേശങ്ങളെ രാഷ്ട്രീയപരമായി എടുത്തവരും ഏറെയാണ്. ആകെയുള്ള വരുമാനമെന്ന നിലയിൽ ഇവിടെയും വികസനമാകാമെന്നും അതുവഴി അടുത്ത പ്രാവശ്യം കുടിയന്മാരുടെ വോട്ട് പിടിക്കാമെന്നും ചിലർ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ബൂത്തികളുടെ തകരാറിൽ വോട്ടർമാർ വെള്ളം കിട്ടാൻ പ്രയാസപ്പെട്ടപ്പോൾ അവിടെ ഈ സൗകര്യങ്ങൾ ഒരുക്കാത്ത സർക്കാർ കുടിയന്മാരിൽ കൂടുതലും പാർട്ടി പ്രവർത്തകർ ആയതുകൊണ്ടാണോ ഇത്തരമൊരു സൗകര്യം ഒരുക്കുന്നത് എന്ന് അഭിപ്രായപ്പെടാനും ആരും മറന്നില്ല.