കള്ളകേസിൽ കുടുക്കി; 604 ദിവസങ്ങൾക്കു ശേഷം സൗദിയിൽ നിന്നും ജയിൽ മോചിതനായി യുവാവ് നാട്ടിലെത്തി

India International News

ബംഗലൂരു: മറ്റൊരാൾ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കുറ്റക്കാരനാക്കി സൗദി അറേബ്യയിലെ ജയിലില്‍ തടവിലാക്കിയ ഇന്ത്യൻ യുവാവിന് മോചനം കിട്ടി. കര്‍ണാകയിലെ ഉഡുപ്പി സ്വദേശിയായ ഹരീഷ് ബഗേരയാണ് 604 ദിവസങ്ങൾക്കു ശേഷം ജയിൽ മോചിതനായി നാട്ടിൽ എത്തിയത്. സമൂഹ മാധ്യമം വഴി സൗദി രാജകുമാരനേയും സമൂഹത്തേയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് ഇയാളെ തടവിലാക്കിയിരുന്നത്. ജീവപര്യന്തമോ വധശിക്ഷയോ വരെ ലഭിക്കുമായിരുന്ന കേസിലെ യഥാർത്ഥ പ്രതിയെ കണ്ടെത്തിയതോടെയാണ് ഹരീഷിന് മോചനം കിട്ടിയത്.

സൗദി അറേബിയയിൽ എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ഹരീഷ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന സിഎഎയെ അനുകൂലിച്ചു കൊണ്ട് ഫെയ്‌സ്ബുക്കിലൊരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിന്റെ പേരിൽ ഉടമയുമായി വഴക്കിടുകയും ചെയ്തിരുന്നു. പിനീട് ഹരീഷ് തന്നെ ആ പോസ്റ്റ് ഒഴിവാക്കുകയും ഉടമനയുമായി വഴക്കിട്ടതിന് മാപ്പു പറഞ്ഞ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ എന്തിനാണ് മാപ്പ് പറഞ്ഞതെന്ന് വീഡിയോയിൽ വ്യക്തമാക്കിയിരുന്നില്ല. ഇത് കഴിഞ്ഞ് ഫേസ്ബുക് പിന്നെ ഉപയോഗിച്ചിട്ടേ ഉണ്ടായിരുന്നില്ല.

ഇതിനു ശേഷം ഒരാൾ ഹരീഷിന്റെ പേരിൽ ഒരു വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കുകയും സൗദി അറേബ്യയുടെ കിരീടാവകാശിയായ മുഹമ്മദ് ബില്‍ സല്‍മാനെയും രാജകുടുംബത്തേയും അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റിടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 ഡിസംബര്‍ 22ന് ഹരീഷിനെ പോലീസ് അറസ്റ് ചെയ്യുന്നത്.

ഹരീഷ് തെറ്റുക്കാരനല്ലെന്ന് കണ്ട ഭാര്യ ഉഡുപ്പിയിലെ പോലീസിനു പരാതി കൊടുക്കുകയും അവരുടെ അന്വേഷണത്തിൽ ദക്ഷിണ കന്നഡയിലെ മൂദ്ബിരി സ്വദേശികളായ അബ്ദുള്‍ ഹുയെസ്, അബ്ദുള്‍ തുയെസ് എന്നീ സഹോദരങ്ങളാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പോസ്റ്റ് ഇട്ടതെന്ന് കണ്ടെത്തുകയായിരുന്നു. ഹരീഷ് ഫേസ്ബുക് ഉപയോഗം നിർത്തിയ അന്ന് തന്നെ ഇവർ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായും സിഎഎയെ അനുകൂലിച്ചതാണ് ഇതിനു പ്രേരിപ്പിച്ചതെന്നും പോലീസ് തെളിയിച്ചു. ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും, ഇത് തർജ്ജമ ചെയ്ത ശേഷം വിദേശകാര്യ മന്ത്രാലയം മുഖേന സൗദി ഭരണകൂടത്തിന് അയച്ചു കൊടുക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഹരീഷിനെ മോചിപ്പിച്ചത്.

ആരോ ചെയ്ത കുറ്റത്തിന് സമൂഹം തന്നെ ഭീകരനാക്കി ചിത്രീകരിച്ചുവെന്നും വല്ലാത്തൊരു ദിവസങ്ങളിലൂടെയായിരുന്നു താനും കുടുംബവും കടന്നുപോയതെന്നും നാട്ടിൽ തിരിച്ചെത്തിയ ശേഷം ഹരീഷ് പറഞ്ഞു.