ബുള്ളി ബായ് വിവാദം ; ആപ്പിന് പിന്നിൽ പതിനെട്ടുകാരി

Crime India News

മുംബൈ : മുസ്ലിം പെൺകുട്ടികളെ അപകീർത്തിപ്പെടുത്തും വിധത്തിൽ ചിത്രങ്ങൾ ഒരു വെബ് ആപ്പിൽ അപ്‌ലോഡ് ചെയ്തതിന് പിന്നിൽ പ്രവർത്തിച്ച ക്രിമിനലുകളെ തേടി നടന്ന മുംബൈ പൊലീസിന് ദിവസങ്ങളുടെ അന്വേഷണത്തിന് ശേഷം ഇന്നലെയാണ് വിജയം കണ്ടത് . ഇതിൽ പിടിക്കപ്പെട്ട ആളെ കണ്ടപ്പോൾ സത്യത്തിൽ മുംബൈ പൊലീസ് ഓഫിസർമാരുടെയും കണ്ണു തള്ളിപ്പോയി. മുഖ്യ പ്രതി ഒരു പതിനെട്ടുകാരിയായ ശ്വേതാ സിങ് എന്ന പെൺകുട്ടിയാണ്. തന്റെ സുഹൃത്തും എഞ്ചിനീയറിങ് വിദ്യാർത്ഥിയുമായ ഒരു ഇരുപത്തൊന്നുകാരനുമായി ചേർന്നുകൊണ്ടാണ് ഈ യുവതി ഇങ്ങനെ ഒരു കുറ്റകൃത്യത്തിനുവേണ്ട ഗൂഢാലോചനകൾ നടത്തിയത് .

ബുള്ളി ബായ് വിവാദം എന്ന പേരിൽ അറിയപ്പെട്ട ഈ കേസ് ആറുമാസങ്ങൾക്ക് മുമ്പ് നടന്ന ‘സുള്ളി’ വിവാദവുമായി കാര്യമായ സാമ്യങ്ങൾ ഉള്ള ഒന്നാണ്. വളരെ വലിയൊരു പ്ലാനിങ് ആണ് ഈ വെബ്‌സൈറ്റിന് പിന്നിൽ ഉണ്ടായിരുന്നത്. ‘വിർച്വൽ ലേലം’ ആണ് ഈ വെബ്‌സൈറ്റിൽ നടന്നിരുന്നത്. അവരവുടെതായ രംഗങ്ങളിൽ വിജയം കണ്ട മുസ്ലിം വനിതാ ജേർണലിസ്റ്റുകളുടെയും ആക്ടിവിസ്റ്റുകളുടെയും വിദ്യാർത്ഥിനികളുടെയും മറ്റു സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നെടുക്കുന്ന ചിത്രങ്ങൾ അവരുടെ അറിവോ സമ്മതമോ കൂടാതെ, ഗിറ്റ്ഹബ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ബുള്ളിബൈ എന്ന ആപ്പിൽ ‘അവൈലബിൾ ഫോർ ബുക്കിങ്’ എന്ന കാപ്‌ഷനോടെ അപ്‌ലോഡ് ചെയ്തായിരുന്നു ഈ ‘ലേലം’ നടന്നിരുന്നത്. JattKhalsa07 എന്ന ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഈ സൈറ്റിന്റെ ഓപ്പറേഷൻ മുഴുവൻ നടന്നിരുന്നത്. അതുവഴി തന്നെയാണ് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകളും കമന്റുകളും മറ്റും അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നത്. മുസ്ലിം സ്ത്രീകളെ അപമാനിക്കുന്ന ഈ ലേലത്തിന് പുറമെ ഖാലിസ്ഥാനി അനുഭവമുള്ള കൊണ്ടെന്റും ഇതേ ഹാൻഡിലിൽ നിന്ന് അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു.

ശ്വേതയുടെ അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചതാണ്. കഴിഞ്ഞ വർഷമാണ് കൊവിഡ് ബാധയെത്തുടർന്ന് അച്ഛന്റെ മരണമുണ്ടാവുന്നത്. അമ്മയാവട്ടെ കാൻസർ ബാധിച്ച് അതിനു മുമ്പുതന്നെ മരിച്ചിട്ടുണ്ടായിരുന്നു. കൊമേഴ്‌സ് ബിരുദധാരിയായ ഒരു മൂത്ത സഹോദരിയും, കോളേജ്, സ്‌കൂൾ വിദ്യാർത്ഥികളായ ഇളയ സഹോദരീ സഹോദരന്മാരും ശ്വേതയ്ക്കുണ്ട്. എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ശ്വേത ഇപ്പോൾ ഇങ്ങനെ ഒരു കേസിലെ മുഖ്യ പ്രതിയായി അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളത്.

നേപ്പാളിൽ നിന്ന് വന്നെത്തിക്കൊണ്ടിരുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ശ്വേത പ്രവർത്തിച്ചിരുന്നത്. ഗിയൂ എന്നുപേരായ ഒരു നേപ്പാളി പൗരനാണ് . ഇയാളാണ് ബുള്ളി ബായ് ആപ്പിൽ എന്തെന്തൊക്കെ ചെയ്യണം എന്നുള്ള നിർദേശം ശ്വേതക്ക് കൈമാറിക്കൊണ്ടിരുന്നത്. ഈ നേപ്പാളി പൗരന് പിന്നിൽ മറ്റേതെങ്കിലും ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.