ടാഗോറിന് ഇരുണ്ട നിറം; കേന്ദ്രമന്ത്രി സുഭാസ് സര്‍ക്കാരിന്റെ പ്രസംഗം വിവാദമാവുന്നു

India News

കൊല്‍ക്കത്ത: രവീന്ദ്രനാഥ ടാഗോറിന് ഇരുണ്ട നിറമായതുകൊണ്ട് അദ്ദേഹത്തിന്റെ അമ്മ മറ്റു മക്കളോട് ഇടപെട്ട രീതിയിൽ നിന്നും വ്യത്യസ്‍തമായാണ് ടാഗോറിനോട് ഇടപെട്ടതെന്ന കേന്ദ്രമന്ത്രി സുഭാസ് സര്‍ക്കാരിന്റെ പ്രസംഗം വിവാദമാവുന്നു. കുടുംബത്തിലെ എല്ലാവരിൽ നിന്നും വ്യത്യസ്തമായി ടാഗോറിന് മാത്രം ഇരുണ്ട നിറമായിരുന്നുവെന്നും അതിനാൽ അമ്മയ്ക്കും മറ്റു ബന്ധുക്കൾക്കും അദ്ദേഹത്തെ എടുക്കുന്നതിനു പോലും താത്പര്യമുണ്ടായിരുന്നില്ലെന്നും മന്ത്രി പറയുന്നുണ്ട്.

രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയ ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ സന്ദർശനം നടത്തിയപ്പോഴാണ് സുഭാസ് സർക്കാർ വിവാദമായ പ്രസംഗം പറഞ്ഞത്. ഇത് പ്രചരിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികളും സാംസ്കാരിക പ്രവര്‍ത്തകരും മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ അറിയിക്കുകയായിരുന്നു.

ബംഗാളിന്റെ പ്രതീകമായ രവീന്ദ്രനാഥ ടാഗോറിനെ അപമാനിക്കുകയാണ് മന്ത്രി ചെയ്തതെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വിദ്യാഭ്യാസമന്ത്രിക്ക് യാതൊരു വിവരമില്ലെന്നും ചിലർ പരിഹസിക്കുന്നുണ്ട്. വിശ്വഭാരതി യൂണിവേഴ്സിറ്റിയിലേക്ക് ഇനി ഒരിക്കലും സുഭാസ് സര്‍ക്കാറിനെ പ്രവേശിപ്പിക്കില്ലെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി അറിയിച്ചിട്ടുണ്ട്. ബിജെപി പാർട്ടിയുടെ വംശീയ വിരുദ്ധതയും ബംഗാള്‍ വിരുദ്ധതുമാണ് ഇതിലൂടെ കാണിച്ചതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തിയും അഭിപ്രായപ്പെട്ടു.