ഏലം കര്‍ഷകരില്‍ നിന്നും പണം പിരിച്ച ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Crime Keralam News

ഇടുക്കി: ഏലം കര്‍ഷകരില്‍ നിന്നും പണം പിരിച്ച കേസിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കുമിളി പുളിയന്‍മല സെക്ഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ വി ചെറിയാനെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറായ എ.രാജുവിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

അടിയന്തിരമായി നടത്തിയ ഹൈറേഞ്ച് മേഖല സി സി എഫിന്റെ പ്രാഥമിക അന്വേഷണത്തില്‍ രണ്ടു പേരും കുറ്റം ചെയ്തതായി തെളിഞ്ഞതോടെയാണ് സസ്‌പെന്റ് ചെയ്തതായി വനംവകുപ്പ് മന്തി ഏ.കെ ശശീന്ദ്രൻ അറിയിച്ചത്. ഇവരെ കൂടാതെ പണപ്പിരിവിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ കാഞ്ചിയാര്‍, കുമിളി, കമ്പംമെട്ട്, അയ്യപ്പന്‍കോവില്‍, വണ്ടന്മേട്, പുളിയന്മല, നെടുങ്കണ്ടംകല്ലാര്‍ എന്നീ പ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പണം പിരിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്.

ആയിരവും പതിനായിരവുമൊക്കെയാണ് ഓണചിലവെന്ന രീതിയിൽ ഉദ്യോഗസ്ഥർ പിരിച്ചെടുക്കുന്നത്. ഏലം തോട്ടത്തിന്റെ വിസ്തീർണം അനുസരിച്ചാണ് പിരിക്കേണ്ട പണം എത്രയാണെന്ന് തീരുമാനിക്കുന്നത്. ഈ കാര്യങ്ങൾ തെളിയിക്കുന്ന തരത്തിൽ പുളിയന്മലയിലുള്ള ഏലത്തോട്ടത്തിന്റെ ഉടമയിൽ നിന്നും പണം പിരിക്കുന്ന ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ മനസിലാക്കാതിരിക്കാനായി ടാക്സിയിൽ മഫ്തി വേഷത്തിലാണ് ഇവരെത്തുക.

ഏലക്കായ്ക്ക് തുച്ഛമായ വില പോലും ലഭിക്കാത്ത ഈ സാഹചര്യത്തിൽ കർഷകരിൽ നിന്നും ഉദ്യോഗസ്ഥർ പണം പിരിക്കുന്നത് ചൂഷണമാ ചെയ്യലാണെന്നും നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും കാര്‍ഡമം ഗ്രോവെഴ്സ് അസോസിയേഷൻ പറഞ്ഞിട്ടുണ്ട്. ഈ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടികൾ എടുക്കണമെന്ന് കാണിച്ച് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് സംഘടന പരാതിയും നൽകിയിട്ടുണ്ട്.