ബഹിരാകാശത്തെ നെല്ലിന്റെ വിളവെടുപ്പ് നടത്തി ചൈന

International News

ഇരുപത്തിമൂന്നു ദിവസത്തെ ബഹിരാകാശയാത്ര നടത്തിയ നെൽവിത്തുകളുടെ വിളവെടുപ്പെടുത്ത് ചൈന. മനുഷ്യന്റെ ബഹിരാകാശ പര്യവേഷങ്ങൾക്കുള്ള പുതിയ തുടക്കമാവും ഈ പരീക്ഷണ വിജയം എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

2020 നവംബറിൽ ചാന്ദ്ര ഗവേഷണ ദൗത്യമായ ചാങ് – 5 നിടെയാണ് ചൈന 40 ഗ്രാം വിത്തുകൾ ബഹിരാകാശത്തേക്കയച്ചത്. 7.6 ലക്ഷം കിലോമീറ്ററുകളോളം ദൂരം സഞ്ചരിച്ച ഈ വിത്തുകൾ, ബഹിരാകാശത്തെ ഗുരുത്വാകര്ഷണമില്ലാത്ത കോസ്മിക് വികരണങ്ങളിലൂടെ കടന്നു പോയി ജനിതകമായി രൂപാന്തരപ്പെടുമെന്നാണ് ശാസ്ത്രജ്ഞർ വിചാരിക്കുന്നത്. ഇവ​ ഭൂമിയില്‍ നട്ടു വളർത്തിയാൽ അധിക അളവിൽ മികച്ച വിളവെടുക്കാന്‍ സാധിക്കുമെന്നാണ് നിഗമനം. ഇത് ഭക്ഷ്യ മേഖലയ്ക്ക് വലിയ തുണയാകും. അതുകൊണ്ട് തന്നെ വിളവെടുത്ത വിത്തുകൾ കൂടുതൽ പരീക്ഷിച്ചു വ്യാപകമായി കൃഷി ചെയ്യാനുള്ള പദ്ധതിയിലാണ് ചൈന.

ഇത്തരത്തിലുള്ള വിത്തുകൾ വിപണിയിലെത്താൻ കുറഞ്ഞത് മൂന്നോ നാലോ വർഷമെങ്കിലും എടുക്കും. നിരവധി പരീക്ഷണങ്ങളിലൂടെയും താരതമ്യങ്ങളിലൂടെയും കുറച്ചു തലമുറകൾ കൂടെ കഴിഞ്ഞാൽ മാത്രമേ വസ്തുതാപരമായ കണ്ടെത്തലുകൾ പറയുവാൻ സാധിക്കൂവെന്ന് ചൈനയിലെ നെല്ലുവളർത്തൽ വിദഗ്ദനായ സൂ ലീ അവിടത്തെ മാധ്യമമായ ഗ്ലോബൽ ടൈംസിനോട് പറഞ്ഞിട്ടുണ്ട്.

നെല്‍വിത്തുകളും മറ്റു വിളകളും 1987 മുതല്‍ തന്നെ ബഹിരാകാശത്ത്​ എത്തിക്കാൻ ചൈന ഉദ്ദേശിക്കുന്നുണ്ടായിരുന്നു. ഇതുപോലെ 200 ലധികം വിവിധ വിത്തുകള്‍ കൃഷി ചെയ്യാനായി ചൈനക്ക്​ അംഗീകാരം കിട്ടിയിട്ടുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ​