ഗുജറാത്ത് മുഖ്യമന്ത്രി രാജിവെച്ചു

India News Politics

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. ഗവർണർക്ക് നേരിട്ട് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളുടെ താല്പര്യത്തെ തുടർന്നാണ് രാജി വെയ്ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിജയ് രുപാണിയുടെ സർക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു.

പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ബിജെപിയുടെ പാർട്ടി ആസ്ഥാനമായ അഹമ്മദാബാദിൽ ഉന്നതതല യോഗം ചേർന്നിട്ടുണ്ട്. നിതിന്‍ പട്ടേല്‍, പാര്‍ത്ഥിപ് പട്ടേല്‍ എന്നിവരാണ് അടുത്ത മുഖ്യമന്ത്രിയാകാനുള്ള പരിഗണനയിലുള്ളത്. പ്രഖ്യാപനം ഉടനെ ഉണ്ടാകും.

രാജി വെച്ചതിനു ശേഷം പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും വിജയ് രൂപാണി അവസരം തന്നതിന് നന്ദി പറഞ്ഞു. ജെപി നദ്ദ തന്ന മാർഗനിർദേശങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പാർട്ടിയുമായി തനിക്ക് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങൾ ഇല്ലെന്നും എന്ത് ഉത്തരവാദിത്വം പാർട്ടി തന്നാലും സന്തോഷപൂർവം അത് ഏറ്റെടുക്കുമെന്നും വിജയ് രൂപാണി വ്യക്തമാക്കി. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിജയ് രൂപാണി രാജി വെച്ചത്.