കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചു; കർണാലിലെ ഉപരോധ സമരം അവസാനിപ്പിച്ചു

India News

ദില്ലി: കർണാലിൽ കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ ഹരിയാന സർക്കാർ അംഗീകരിച്ചതോടെ കർഷകർ ഒരാഴ്ചയായി നടത്തുന്ന ഉപരോധം അവസാനിപ്പിച്ചു. പ്രതിഷേധത്തിനിടെ പൊലീസ് ഉണ്ടാക്കിയ സംഘർഷത്തിൽ അന്വേഷണം നടത്തണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങൾ ആംഗീകരിച്ച സാഹചര്യത്തിലാണ് ഉപരോധം നിർത്തുന്നത്. ഐതിഹാസിക പോരാട്ടത്തെ ഒരിക്കലും തകർക്കാൻ കഴിയില്ലെന്ന് കർഷക നേതാവ് ഗുർ നാം ചടുനി മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം നടത്തിയ കർഷകരുടെ തല തല്ലിപ്പൊളിക്കാനുള്ള നിർദേശം കൊടുത്ത മുൻ എസ്‍ഡിഎം ആയുഷ് സിൻഹയോട് അവധിയിൽ പോകാൻ നിർദേശിക്കും. പോലീസ് സംഘർഷത്തിന്റെ അന്വേഷണത്തിന് റിട്ട. ഹൈക്കോടതി ജഡ്ജി മേൽനോട്ടം കൊടുക്കും. ഇതോടോപ്പ്മ സംഘർഷത്തിൽ പൊലീസ് ലാത്തി ചാര്‍ജിനിടെ കൊല്ലപ്പെട്ട കർഷകനായ സുശീൽ കാജലിന്റെ കുടുംബത്തിലുള്ള രണ്ട് അംഗങ്ങൾക്ക് ജോലി കൊടുക്കുമെന്നും ഹരിയാന സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.

കർഷക പ്രതിഷേധത്തിനെതിരെ ആഗസ്ത് 28 ന് ഉണ്ടായ പൊലീസ് ലാത്തിച്ചാർജ്ജിൽ ഒരു കർഷകൻ മരിക്കുകയും ഒട്ടനവധി കർഷകർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധ സമരം തുടങ്ങിയത്. നാലു പ്രാവശ്യം പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാരും കർഷകരും ചര്ച്ച നടത്തിയിരുന്നെങ്കിലും ഒത്തുതീർപ്പായിരുന്നില്ല. ശേഷം ഹരിയാന അഡീ. ചീഫ് സെക്രട്ടറി ദേവന്ദ്രസിങ്ങ് നേരിട്ട് പോയി കർഷകരെ കണ്ടു സംസാരിച്ചതിന് ശേഷമാണ് ഒത്തുതീർപ്പായത്.