ഹരിയാനയിൽ നൂറോളം കർഷകർക്കെതിരെ പോലീസ് കേസെടുത്തു

India News

ഹരിയാനയിൽ കർഷകരെ പോലീസ് തല്ലിച്ചതച്ച സംഭവത്തിൽ പ്രധിഷേധിച്ച നൂറിലധികം കർഷകർക്കെതിരെ കേസെടുത്തു. ലാത്തിചാര്ജിനിടെ തലയ്ക്ക് പരിക്കേറ്റ കർഷകൻ കർണാൽ സ്വദേശി സൂശീൽ കാജൾ മരണപ്പെട്ടതിൽ പ്രതിഷേധിച്ച് കർഷകർ ഉപരോധം നടത്തുകയായിരുന്നു.

കർണാലിലുണ്ടായ പൊലീസ് അക്രമണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. അതിനിടെയാണ് പ്രതിഷേധം നടത്തിയ നൂറുക്കണക്കിന് കര്ഷകര്ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. എന്നാൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ അടക്കം പോലീസിന്റെ നടപടിയെ പിന്തുണക്കുകയാണുണ്ടായത്. പൊലീസ് നടപടി ക്രമസമാധാനം ഉറപ്പാക്കാനാണെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു.

അതിനിടെ കർഷകരുടെ തല തല്ലി തകർക്കാൻ ആജ്ഞാപിച്ച കർനാൽ ജില്ലാ എസ് ഡി എം ആയുഷ് സിൻഹക്കെതിരെ നിയമ നടപടികൾ എടുക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു. പ്രക്ഷോഭകർക്ക് നേരെയുള്ള പോലീസിന്റെ കിരാത നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്.