ടോക്കിയോ പാരാലിംപിക്‌സ്; ജാവലിന്‍ ത്രോയിൽ വെള്ളിയും വെങ്കലവും നേടി ഇന്ത്യൻ താരങ്ങൾ

India International News Sports

ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഇന്ന് ഭാഗ്യദിനം. ജാവലിന്‍ ത്രോ മത്സരത്തിൽ ഇന്ത്യൻ താരങ്ങളായ ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലവും സ്വന്തമാക്കി. ഇതോടെ ഈ ദിവസം മാത്രം ഇന്ത്യ നാല് മെഡലുകളാണ് നേടിയത്. 64.35 മീറ്റര്‍ ദൂരമെറിഞ്ഞ് വളരെ മികച്ച മത്സരം കാഴ്ചവെച്ചാണ് ദേവേന്ദ്ര ജജാരിയ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വെങ്കലം നേടിയ സുന്ദര്‍ സിംഗ് ഗുർജാറും സീസണിലെ മികച്ച പ്രകടനമായ 64.01 മീറ്ററായിരുന്നു കൊടുത്തത്.

ഇന്ന് രാവിലെ നടന്ന ഷൂട്ടിങ് മത്സരത്തിൽ അവനിലേഖര സ്വർണം കരസ്ഥമാക്കിയിരുന്നു. ദേശീയ റെക്കോർഡ് തീർത്ത പ്രകടനത്തിലൂടെ പാരാലിംപിക്‌സില്‍ സ്വർണം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയെന്ന നേട്ടവും അവനിലേഖര നേടിയിരുന്നു. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയിൽ F56 വിഭാഗത്തിൽ യോഗേഷ് ഖാത്തൂണിയ നേടിയ വെള്ളിയായിരുന്നു ഇന്ന് ഇന്ത്യ നേടിയ മറ്റൊരു മെഡൽ.

ഇതുവരെ ഒരു സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ് ടോക്കിയോ പാരാലിംപിക്‌സില്‍ വെച്ച് ഇന്ത്യ സ്വന്തമാക്കിയത്. മെഡല്‍ നേടിയ ഇന്ത്യൻ കായിക താരങ്ങൾക്ക് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവർ അഭിനന്ദനം അറിയിച്ചു.