ടോക്യോ ഒളിംപിക്‌സ്; ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടി നീരജ് ചോപ്ര

India News Sports

ടോക്യോ: ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സ്വര്‍ണം നേടി നീരജ് ചോപ്ര. പുരുഷ ജാവലിന്‍ ത്രോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്ര ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം കരസ്ഥമാക്കിയത്. ഒളിംപിക് ചരിത്രത്തില്‍ തന്നെ ഇന്ത്യ അത്‌ലറ്റിക്സില്‍ നേടുന്ന ആദ്യ മെഡലുകൂടെയാണിത്. ടോക്യോ ഒളിംപിക്സിലും ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണിത്.

ഒളിംപിക്സിൽ വ്യക്തിഗത ഇനത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണമാണിത്. 2008 ബെയ്ജിങ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയതിനു ശേഷം മറ്റാരും ഇതുവരെ സ്വർണം സ്വന്തമാക്കിയിട്ടില്ലായിരുന്നു.

മത്സരത്തിലെ ആദ്യ രണ്ട് റൗണ്ടിലും കാഴ്ചവെച്ച മികച്ച പ്രകടമാണ് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ നേടി കൊടുത്തത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരവും രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരവും എറിഞ്ഞ് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. മൂന്നാം ശ്രമത്തില്‍ 76.79 മീറ്റർ മാത്രമാണ് എറിഞ്ഞതെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെയാണ് നീരജ് യോഗ്യത നേടിയത്. എന്നാൽ അവസാന രണ്ട് പ്രകടനവും ഫൗളായെങ്കിലും നീരജിനെ വെല്ലുന്ന ത്രോ ആരും കാഴ്ചവെയ്ക്കാത്തതിനാൽ ഒന്നാം നിലനിർത്തുകയായിരുന്നു.

അഞ്ചാം ശ്രമത്തില്‍ 86.67 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്ക് താരം വാഡ്ലെക്ക് യാക്കൂബ് വെള്ളിയും മൂന്നാം ശ്രമത്തില്‍ 85.44 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്കിന്‍റെ തന്നെ താരം വെസ്ലി വിറ്റെസ്ലാ വ്വെങ്കലവും സ്വന്തമാക്കി. യോഗ്യത റൗണ്ടില്‍ പിന്നിട്ട 86.65 മീറ്റർ ദൂരവും മറികടന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ നീരജിനായിട്ടുണ്ട്.